ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു.



വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ലോകമെമ്പാടും ദാരിദ്ര്യം മൂലം വിദ്യാഭ്യാസം നേടാനാവാതെ കഴിയുന്ന 7.5 കോടിയോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ ആവുന്ന വിധം ഒരു ആഗോള വിദ്യാഭ്യാസ നിധി സ്ഥാപിക്കണം എന്ന് ജി-8 ഉച്ചകോടിക്ക് മുന്നോടിയായി നൊബേല്‍ പുരസ്കാര ജേതാവായ ഡെസ്മണ്ട് ടുട്ടു അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാന മന്ത്രി ഗോഡണ്‍ ബ്രൌണ്‍ എന്നിവരടക്കമുള്ള ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. 
























