പ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ ‘ഓര്‍കുട്ടിന്റെ’ സഹായത്തോടെ പോലീസ് കണ്ടെത്തി.
പരീക്ഷാ ഫലം വന്ന മെയ് 12 മുതല്‍ കാണാതായ ഈ പതിനെട്ടുകാരന്‍, ഒരു സ്പെഷ്യല്‍ സെല്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ ആണ്. ഡല്‍ഹിയില്‍ നിന്നും കാണാതായ ഈ കുട്ടിയെ അംബാലയില്‍ നിന്ന് ആണ് പോലീസ് കണ്ടെത്തിയത്.
ഫരീദാ ബാദില്‍ ഒരു ചായക്കടയില്‍ ജോലിയ്ക്ക് നിന്ന ഈ കുട്ടി തന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനു അയച്ച സന്ദേശങ്ങള്‍ ആണ് ഈ കേസില്‍ പോലീസിനു സഹായകം ആയത്.
ഈ പ്രദേശത്തുള്ള നിരവധി ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ കിട്ടിയത് എന്ന് അനുമാനിച്ച പോലീസ് ഓര്‍കുട്ട് ഉടമയായ ഗൂഗിളിനെ സമീപിക്കുകയായിരുന്നു. ഗൂഗിളില്‍ നിന്ന് ‘ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍’ വിലാസം കരസ്ഥമാക്കിയ അവര്‍ സ്ഥലം മനസ്സിലാക്കി കുട്ടിയെ കണ്ടെത്തുകയാണ് ഉണ്ടായത്.
ഇന്റര്‍നെറ്റ് കഫെയില്‍ തെറ്റായ മേല്‍ വിലാസമാണ് കാണാതായ ഈ കുട്ടി നല്‍കിയിരുന്നത് എന്നും ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.



ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

























