ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാറിനെതിരെ പ്രചാരണത്തിനായി നല്‍കിയ ചിത്രത്തെ ചൊല്ലി കോണ്‍ഗ്രസ്സ് പ്രതിക്കൂട്ടില്‍. മാറ്റത്തിനു വേണ്ടി കൈകോര്‍ക്കാം എന്ന പേരില്‍ മോഡി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സ് വെബ്‌സൈറ്റിലും ചില മാധ്യമങ്ങളിലും നല്‍കിയ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയില്‍ 45% പേര്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് കാണിച്ച് നല്‍കിയ പരസ്യത്തോടൊപ്പം നല്‍കിയിരിക്കുന്നത് പോഷകാഹാരക്കുറവുള്ള കുട്ടിയെ എടുത്ത് നില്‍ക്കുന്ന യുവതിയായ അമ്മയുടേതാണ്.
എന്നാല്‍ ഇത് ശ്രീലങ്കയില്‍ നിന്നുമുള്ള ചിത്രമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അമിയന്‍ഡ് പാര്‍ക്ക് ചാപിള്‍ എന്ന ക്രിസ്തീയ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒറിജിനല്‍ സൈറ്റിലേക്കുള്ള ലിങ്ക് ബി. ജെ. പി. അനുകൂല വെബ്‌സൈറ്റ് പുറത്തു വിട്ടു. ഇതിലൂടെ കോണ്‍ഗ്രസ്സിന്റേത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമായതായി നരേന്ദ്ര മോഡി ഉള്‍പ്പെടെ ഉള്ള ബി. ജെ. പി. നേതാക്കള്‍ പറയുന്നു.
എന്നാല്‍ ചിത്രം പ്രതീകാത്മകമാണെന്നും കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന കാര്യം നിഷേധിക്കുവാന്‍ മോഡി സര്‍ക്കാറിനാകില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട്. നരേന്ദ്ര മോഡിയുടെ തുടര്‍ച്ചയായുള്ള വിജയങ്ങളെ തടയിടുവാനാണ് പോഷകാഹാരക്കുറവ് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളും പട്ടിണിയും പ്രചാരണായുധം ആക്കിക്കൊണ്ട് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.