മുംബൈ : രത്തൻ റ്റാറ്റ സ്ഥാനം ഒഴിഞ്ഞതോടെ റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. സ്വയം അയർലാൻഡുകാരൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന സൈറസ് മിസ്ത്രിയാണ് ഇന്ത്യയുടെ അഭിമാന സ്തംഭമായ ഈ വ്യവസായ ഭീമന്റെ തലപ്പത്തേക്ക് അവരോധിതനായത്. ഇന്ത്യയിലെ കെട്ടിട നിർമ്മാണ രംഗത്തെ വൻകിടക്കാരായ ഷപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ എം. ഡി. ആണ് സൈറസ്. 1930ൽ സൈറസിന്റെ പിതാവും വ്യവസായിയുമായ പല്ലോൺജി മിസ്ത്രി റ്റാറ്റ സൺസിന്റെ ഓഹരികൾ വാങ്ങിയത് കഴിഞ്ഞ വർഷം ആയപ്പോഴേക്കും മൊത്തം കമ്പനി ഓഹരിയുടെ 18.5 ശതമാനമായി മാറി. ഇത് കൂടുതലും ട്രസ്റ്റുകൾക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ ഏറ്റവും അധികം ഓഹരികളുള്ള വ്യക്തിയാക്കി സൈറസിന്റെ അച്ഛനെ മാറ്റി. 2005ൽ അച്ഛൻ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതോടെ സൈറസ് റ്റാറ്റ സൺസിന്റെ ബോർഡിൽ അംഗമായി. 2006 മുതൽ അദ്ദേഹം റ്റാറ്റ സൺസിന്റെ ഡയറക്ടറാണ്. പിന്നീട് മറ്റ് റ്റാറ്റ കമ്പനികളുടേയും ഡയറക്ടർ പദവി വഹിച്ച അദ്ദേഹം ഇപ്പോൾ റ്റാറ്റ സൺസിന് പുറമെ റ്റാറ്റ ഇൻഡസ്ട്രീസ്, റ്റാറ്റ സ്റ്റീൽസ്, റ്റാറ്റ മോട്ടോർസ്, റ്റാറ്റ കൺസൾട്ടൻസി സർവീസസ്, റ്റാറ്റ പവർ, റ്റാറ്റ ടെലിസർവീസസ്, ഇൻഡ്യൻ ഹോട്ടൽസ്, റ്റാറ്റ ഗ്ലോബൽ ബീവറേജസ്, റ്റാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെയും ചെയർമാനാണ്.
റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റയുടെ ചെയർമാൻ ആവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. റ്റാറ്റയുടെ മൂന്നാമത്തെ ചെയർമാനായത് നവ്റോജി സക്ലത്‌വാലയാണ്. ഇദ്ദേഹത്തിന്റെ അമ്മ വിർബൈജി റ്റാറ്റ റ്റാറ്റയുടെ സ്ഥാപകനായ ജംഷെഡ്ജി റ്റാറ്റയുടെ സഹോദരിയായിരുന്നു. സൈറസ് മിസ്ത്രിക്കുമുണ്ട് പേരില്ലെങ്കിലും ഒരു റ്റാറ്റ ബന്ധം. രത്തൻ റ്റാറ്റയുടെ അർദ്ധ സഹോദരനായ നോയൽ റ്റാറ്റ വിവാഹം കഴിച്ചിരിക്കുന്നത് സൈറസിന്റെ സഹോദരിയേയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാമ്പത്തികം