മുംബൈ: മാഗി നൂഡിൽസിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് അയച്ചു. രണ്ടു മിനിറ്റു കൊണ്ട് തയ്യാറാക്കുന്ന മാഗി നൂഡിൽസിൽ എന്ത് പോഷണമാണ് നല്‍കുന്നതെന്നത് സംബന്ധിച്ച് ഉത്തരാഖണ്ടിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നടിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കണം. ഇതു സംബന്ധിച്ച് കൃത്യ സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മാധുരിയ്ക്കെതിരെ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിം ആനന്ദ് ജോഷി പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡിൽസിന്റെ സാമ്പിളുകളില്‍ മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്, ലെഡ് എന്നിവ കൂടിയ അളവില്‍ അടങ്ങിയിരി ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്ന ഉല്പന്നമാണ് മാഗി നൂഡിൽസ്. വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാഗിയുടെ വില്പനയില്‍ വന്‍ ഇടിവുണ്ടായി. കുട്ടികളാണ് കൂടുതലും മാഗി കഴിക്കുന്നത്.