റിയാലിറ്റി ഷോ എന്ന പേരില്‍ ടി.വി. ചാനലുകള്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നത് തടയും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 1995 ലെ കേബ്ള്‍ ടി.വി. നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് പരിമിതമാണ്. ഈ ആക്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം പീഡനം സര്‍ക്കാര്‍ തടയുക തന്നെ ചെയ്യും. നിയമത്തിന്റെ പരിമിതി അതിനു തടസം ആവില്ല. പരാതി ലഭിച്ചാല്‍ പീഡനത്തിന് കാരണം ആവുന്ന എല്ലാവര്‍ക്കും എതിരെ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാവും. പീഡിപ്പിയ്ക്കുന്നവര്‍ ആരു തന്നെ ആയാലും അവര്‍ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും എന്ന് മന്ത്രി അറിയിച്ചു.
അടുത്തയിടെ ചില ചാനലുകളില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നതും പീഡനമേറ്റ് കുട്ടികള്‍ പരസ്യമായി കരയുന്നതും മറ്റും പ്രദര്‍ശിപ്പിയ്ക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലൈംഗിക ചുവയുള്ള ജഡ്ജിമാരുടെ കമന്റുകളും സാഡിസം എന്ന അന്യന്റെ പീഡനത്തില്‍ രസം കണ്ടെത്തുന്ന വൈകല്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും പല ചാനലുകളുടേയും റേറ്റിങ്ങ് കുതിച്ച് ഉയരാനും കാരണമായി.



പതിനാറ് വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി റിയാലിറ്റി ഷോ ജഡ്ജിയുടെ പരിഹാസം കേട്ട് കുഴഞ്ഞ് വീണ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോകള്‍ക്ക് നിയമം മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭ ഉദ്ദേശിക്കുന്നു. വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ചൊവ്വാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഈ കാര്യം. റിയാലിറ്റി ഷോ ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടവും ഇതിനോട് അനുബന്ധിച്ച് നടപ്പിലാക്കും. മത്സരാര്‍ത്ഥികളെ എന്തും പറയാനുള്ള സാഹചര്യം അനുവദിയ്ക്കില്ല. റിയാലിറ്റി ഷോ ജഡ്ജിമാര്‍ ഉപയോഗിയ്ക്കുന്ന മാന്യമല്ലാത്ത ഭാഷ പല കുട്ടികളേയും വേദനിപ്പിയ്ക്കുന്നുണ്ട്. ഇതിനെതിരെ പെരുമാറ്റ ചട്ടം കൊണ്ടു വരും എന്നും മന്ത്രി അറിയിച്ചു.
























