കൃഷി നാശം മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് അര്‍ഹമായ സഹായം നല്‍കണം എന്ന ആവശ്യവുമായി ആന്ധ്ര പ്രദേശ് പ്രതിപക്ഷ നേതാവും തെലുഗു ദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എന്‍. ചന്ദ്ര ബാബു നായിഡു നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതായി ഡോക്ടര്‍ അറിയിച്ചു. നിരാഹാര സമരം തുടരുകയാണെങ്കില്‍ ഖരമായോ ദ്രാവകമായോ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന നായിഡുവിന്റെ നില ഇനിയും വഷളാവും എന്നാണ് സൂചന. വിദഗ്ദ്ധ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഹൈദരാബാദ് നിസാം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ആറംഗ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നായിഡു ഇപ്പോള്‍.
കാല വര്‍ഷ ക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം അപര്യാപ്തമാണ് എന്നതില്‍ പ്രതിഷേധിച്ചാണ് നായിഡു അനിശ്ചിത കാല നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.