ഹൈദരാബാദ്: അരിക്ക് വിലകൂടാന്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ രണ്ടു ലക്ഷത്തിലധികം ഹെക്ടര്‍ പാട ശേഖരങ്ങളില്‍ ഇത്തവണ കൃഷിയിറക്കേണ്ട എന്നാണ് കര്‍ഷകരുടെ തീരുമാനം. ജല ദൌര്‍ലഭ്യം, വളത്തിന്റെ വില കയറ്റം, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ , വൈദ്യുതി ക്ഷാമം എന്നീ കാരണങ്ങളാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നഷ്ടം സഹിച്ചിനിയും കൃഷി ഇറക്കേണ്ട എന്നാണ് ഗോദാവരിയിലെ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയില്‍ നിന്നും അരിയെത്തിയില്ലെങ്കില്‍ കേരളം മുഴുപ്പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ കിലോക്ക് ഇരുപത്തഞ്ച് രൂപയോളമുള്ള അരിക്ക് ഇനി വന്‍ വിലവര്‍ധനക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പല പാടശേഖരങ്ങളും തരിശായി കിടക്കുന്ന സാഹചര്യത്തില്‍ തീ വില നല്‍കി അരി വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാരിന്റെ ഒരു രൂപയ്ക്കു അരി എന്നാ പദ്ധതി ഇനി എത്ര നാള്‍ തുടരാനാകും എന്ന് പറയാന്‍ കഴിയില്ല. അരി വില വര്‍ദ്ധിക്കുന്നതോടെ മറ്റു പല സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടു ആന്ധ്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.