ന്യൂഡല്‍ഹി : ഒറീസയിലെത്തിയ രണ്ടു ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. കാന്ധമാല്‍ ജില്ലയില്‍ ഗോത്ര വര്‍ഗക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടു പോയത്. ഇവരെ വിട്ടയയ്ക്കാന്‍ പതിമൂന്ന് ആവശ്യങ്ങളാണു മവോയിസ്റ്റുകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുക, സമാധാന ചര്‍ച്ചകള്‍ തുടരുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
മാവോയിസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും ഒറീസ സര്‍ക്കാരിനും കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്കു തയാറാവണമെന്നും മാവോയിസ്റ്റ് വേട്ട നിര്‍ത്തിവയ്ക്കുകയാണെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റുകള്‍ ഈ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഉന്നത മാവോവാദി നേതാവ് സഭ്യാസച്ചി പാണ്ഡെ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഓഡിയോ ടേപ്പില്‍ അറിയിച്ചു.