ചെന്നൈ: കൂടംകുളം ആണവ നിലയം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയാതോടെ കൂടംകുളം ഉള്‍പ്പെടുന്ന രാധാപുരം താലൂക്കില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട് പോലീസിന്റെ 4000 പേര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള 400 അര്‍ധസേനാംഗങ്ങളും കൂടംകുളത്തേക്ക് എത്തിയിട്ടുണ്ട്. .
കൂടുതല്‍ കേന്ദ്രസേനയെ കൂടംകുളത്ത് എത്തിയ്ക്കാന്‍ പദ്ധതി ഉണ്ട്. മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ബീഹാര്‍ എന്നീടങ്ങങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആണ് ഇപ്പോള്‍ ഇവിടെ പണിയെടുക്കുന്നത്. അഞ്ചു മാസത്തിനു ശേഷം ഇന്നലെ ജീവനക്കാര്‍ ആണവനിലയത്തില്‍ പ്രവേശിച്ചു. ആണവനിലയത്തിന് സമീപത്തുള്ള കടലോര മേഖലയില്‍ തീരദേശസേനയുടെ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.
നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടംകുളത്തേക്ക് സമരത്തില്‍ പങ്കെടുക്കാന്‍ വരുന്ന ഗ്രാമവാസികളെ വിലക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നയിക്കുന്ന ‘ആണവോര്‍ജവിരുദ്ധ ജനകീയപ്രസ്‌ഥാന’ത്തിന്റെ അഞ്ചു പ്രവര്‍ത്തകര്‍ പദ്ധതിപ്രദേശത്തുനിന്ന് അറസ്‌റ്റിലായി. ആണവ നിലയം അടച്ചു പൂട്ടണമെന്നും അറസ്‌റ്റിലായവരെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ടു സംഘടനയുടെ മുഖ്യസംഘാടകന്‍ ആര്‍. ബി. ഉദയകുമാര്‍ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ആണവ നിലയത്തിനെതിരായ ജനരോഷം തണുപ്പിക്കാന്‍ മേഖലയില്‍ 500 കോടി രൂപയുടെ പ്രത്യേക വികസന പാക്കേജും ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി മുന്നോട്ടുപോകാന്‍ ജയലളിത എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും ആണവ വിരുദ്ധ പ്രക്ഷോഭകരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.
- ലിജി അരുണ്‍