ന്യുഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിപ്പിംഗ് സഹമന്ത്രി കൂടിയാണ് മുകുള്‍ റോയ്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യു. പി. എ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി പങ്കെടുത്തില്ല.
റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകളില്‍ വര്‍ധന വരുത്തിയതിനെ ചൊല്ലി മമതയുടെ അതൃപ്തിക്കിടയായതാണ് ദിനേഷ് ത്രിവേദിക്ക് മന്ത്രി സ്ഥാനം തെറിക്കാന്‍ ഇടയായത്. ത്രിവേദിയുടെ ബജറ്റ് നിര്‍ദ്ദേശം മുകുള്‍ റോയ് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരനു മേല്‍ അമിത ഭാരമേല്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ ഇനി മുകുള്‍ റോയ് ആയിരിക്കും മറുപടി നല്‍കുക.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍