അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
മൂന്നു വര്‍ഷം മുന്‍പ് ഒരു ഓടി കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് ഹിമാന്‍ശുവിന്റെയും നിഷിതയുടെയും അമ്മ അല്‍ക്ക ബലാത്സംഗം ചെയ്യപ്പെട്ടത്. ഭര്‍ത്താവ് സുനിലുമൊത്ത് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഒരു പാട് നാള്‍ ഇവര്‍ പോലീസ് അധികാരികളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. മനം നൊന്ത് അവസാനം ഇരുവരും വിഷം കഷിച്ച് മരിക്കുവാന്‍ തീരുമാനിച്ചു. വിഷം കഴിച്ച അല്‍ക്ക മരിച്ചുവെങ്കിലും സുനില്‍ മരിച്ചില്ല. കുറ്റവാളികളെ ഇത്രയും നാള്‍ സംരക്ഷിച്ച പോലീസ് ഇതോടെ രംഗത്ത് എത്തുകയും, ഭാര്യക്ക് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് എട്ട് വയസുകാരി നിഷിതയും, ഏഴു വയസുള്ള സഹോദരന്‍ ഹിമാന്‍ശുവും, തങ്ങളുടേതായ രീതിയില്‍ തങ്ങളുടെ അച്ഛനെ മോചിപ്പിക്കുവാനായി ശ്രമിച്ചത്. ഒരു മാസത്തോളം അധികൃതര്‍ ഇവരുടെ സമരം കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ പ്രതിഷേധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ ഒരു അനാഥാലയത്തിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഇവരെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ടെലിവിഷനിലും മറ്റും വന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം മാത്രമായിരുന്നു ഇത് എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. ഇവരെ കുടുംബത്തിന് വിട്ട് കൊടുക്കണം എങ്കില്‍ ചില നിബന്ധനകള്‍ അടങ്ങിയ ബോണ്ടില്‍ ഒപ്പു വെക്കണം എന്നായി അധികൃതര്‍. ഇതിന് ഇവരുടെ ബന്ധുക്കള്‍ വഴങ്ങിയിട്ടില്ല.
ഇതിനിടെ ഹരിയാന പോലീസ് അല്‍ക്കയെ പീഢിപ്പിച്ച ഒരാളെ തിരക്കിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഒരാളെ പിടികൂടി, കുറ്റം ചുമത്തി, മറ്റ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സ്ഥല വാസികളുടെ ആരോപണം.



തമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു. 
























