കോണ്‍ഗ്രസിന്റെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ യാത്രാ ചിലവ് ചുരുക്കല്‍ നടപടികള്‍ പുരോഗമിക്കവെ ശശി തരൂര്‍ ഇക്കണോമി ക്ലാസ് വിമാന യാത്രയെ പറ്റി നടത്തിയ ഒരു പരാമര്‍ശം വിവാദമായി. ചിലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് നേരത്തേ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇതിനിടെ സോണിയാ ഗാന്ധി തന്നെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്തു മാതൃക കാണിച്ചത് മറ്റുള്ളവര്‍ക്ക് തലവേദനയുമായി.
ഈ പശ്ചാത്തലത്തിലാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ ശശി തരൂര്‍ വെട്ടിലായത്. ‘ദി പയനീര്‍’ പത്രത്തിന്റെ അസോഷിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം തന്നെയാണ് മന്ത്രിയെ വെട്ടിലാക്കിയത്. അടുത്ത തവണ മന്ത്രി കേരളത്തിലേയ്ക്ക് കന്നുകാലി ക്ലാസ്സിലാവുമോ യാത്ര ചെയ്യുക എന്നായിരുന്നു ചോദ്യം.
ട്വിറ്ററില്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം
ഇതിന് സരസമായി തന്നെ മന്ത്രി മറുപടി പറഞ്ഞു – മറ്റ് വിശുദ്ധ പശുക്കളോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് താനും കന്നുകാലി ക്ലാസ്സില്‍ തന്നെയാവും യാത്ര ചെയ്യുക എന്ന്.
ട്വിറ്ററില്‍ ശശി തരൂരിന്റെ വിവാദ ട്വീറ്റ്
എന്നാല്‍ ഇതിലെ നര്‍മ്മം കോണ്‍ഗ്രസ് നേതൃത്വത്തിന് രസിച്ചില്ല എന്നു വേണം കരുതാന്‍. ആയിര കണക്കിന് ഇന്ത്യാക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസ്സിനെ പറ്റി ഇത്തരത്തില്‍ പുച്ഛിച്ച് സംസാരിച്ചത് ശരിയായില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് അപലപിക്കുന്നു എന്നും ജയന്തി അറിയിച്ചു.
പഞ്ച നക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചു വിവാദം സൃഷ്ടിച്ച ശശി തരൂര്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയുവാന്‍ ധന മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും താമസം മാറിയതും വാര്‍ത്തയായിരുന്നു.