ന്യൂഡല്‍ഹി : ഏറെ നാളായി നടക്കുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ജാതി സെന്സസുമായി മുന്നോട്ട് പോവാന്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിമാരുടെ സംഘം തീരുമാനമായി. കേന്ദ്ര ധന മന്ത്രി പ്രണബ് മുഖര്‍ജി നയിക്കുന്ന മന്ത്രിമാരുടെ സംഘമാണ് ഇന്നലെ വൈകീട്ട് ജാതി തിരിച്ചുള്ള സെന്‍സസ് നടത്താനുള്ള തങ്ങളുടെ ശുപാര്‍ശ സര്‍ക്കാരിനെ അറിയിച്ചത്.
ജാതി സെന്‍സസ് വഴി പിന്നോക്ക സമുദായങ്ങളുടെ കണക്കെടുപ്പ് മാത്രമാവില്ല നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. പതിനഞ്ചു വയസിനു മുകളിലുള്ള രാജ്യത്തെ ഓരോ പൌരനോടും തങ്ങളുടെ ജാതി എന്തെന്ന ചോദ്യം ചോദിക്കും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് രാജ്യത്തെ മൊത്തം ജനത്തിന്റെ ജാതി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുക എന്നതാണ് ഈ സെന്‍സസിന്റെ ലക്‌ഷ്യം. ദേശീയ ജനസംഖ്യാ രെജിസ്റ്ററിലേക്കുള്ള ഈ കണക്കെടുപ്പ് ഡിസംബറില്‍ ആരംഭിക്കും.
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം നടന്ന കോണ്ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തെ തുടര്‍ന്നാണ് ജാതി സെന്സസിനു പിന്തുണ നല്‍കാന്‍ കോണ്ഗ്രസ് തീരുമാനിച്ചത്.
വിരലടയാളം, കണ്ണിലെ ഐറിസ് രേഖപ്പെടുത്തല്‍ ഫോട്ടോ എടുക്കല്‍ എന്നിങ്ങനെയുള്ള ബയോമെട്രിക് സെന്‍സസിന്റെ കൂടെ തന്നെ ഇനി തങ്ങളുടെ ജാതി ഏതെന്ന ചോദ്യത്തിന് കൂടി രാജ്യത്തെ പൌരന്മാര്‍ ഉത്തരം നല്‍കേണ്ടി വരും.
ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ് തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത് ജാതി സെന്‍സസ് വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, മനുഷ്യാവകാശം