ഡല്‍ഹി : ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) മത വിശ്വാസികളെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിന്നും തടയുന്നില്ല എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. എന്നാല്‍ മത വിശ്വാസം രാജ്യ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. അംഗങ്ങളുടെ മത വിശ്വാസം മത നിരപേക്ഷതയ്ക്ക് ഭീഷണി യാകുവാനും പാടില്ല. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കു ന്നതിനായാണ് തിരുത്തല്‍ രേഖ തയ്യാറാക്കിയത്. പാര്‍ട്ടി അണികള്‍ പൊതു ജീവിതത്തില്‍ എന്ന പോലെ സ്വകാര്യ ജീവിതത്തിലും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരായി ജീവിക്കണം എന്നതാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും കാരാട്ട് വിശദീകരിച്ചു.
സി.പി.ഐ. (എം.) ഭൌതിക വാദ തത്വ ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്. ഇതു പ്രകാരം സ്റ്റേറ്റും മതവും വ്യത്യസ്ഥമായി നിലനില്‍ക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മില്‍ കൂട്ടിക്കുഴ യ്ക്കാനാവില്ല. സ്റ്റേറ്റ് മതത്തെ വ്യക്തിയുടെ സ്വകാര്യതയായി കണക്കാക്കണം. എന്നാല്‍ സ്വകാര്യ മത വിശ്വാസം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമാവുന്നില്ല. പാര്‍ട്ടിയുടെ ഭരണ ഘടനയും, പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യവും, പാര്‍ട്ടി അച്ചടക്കവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം എന്നും കാരാട്ട് അറിയിച്ചു.