ന്യൂഡല്‍ഹി : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. 2011 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരിക്കും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുക. ഇതിനു മുന്‍പ് ദേശീയ ജനസംഖ്യാ രെജിസ്റ്റര്‍ തയ്യാറാക്കും. പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ കാര്യത്തില്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
ജാതി കണക്കെടുപ്പ് വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തുന്നത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ ഇത് കൂടുതല്‍ സംവരണത്തിനുള്ള ആവശ്യത്തിന് വഴി വെയ്ക്കും എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.
കാനേഷുമാരി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിനു വീട് വീടാന്തരം കയറിയിറങ്ങി ആളുകളുടെ ജാതി ചോദിക്കും. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് “ജാതി ഇല്ല” എന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.
ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ് തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത് ജാതി സെന്‍സസ് വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, മനുഷ്യാവകാശം, സാമൂഹികം
പ്രതികരിച്ചാൽ സവർണ്ണവാദി എന്നു വിളിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ പ്രതികരിക്കട്ടെ. ജോലിക്ക് അപേക്ഷിക്കുമ്പോൾ ജാതി സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും ഒക്കെ ക്യൂ നിക്കാനും ജാതി വളരെ ക്രുത്യമായി പറഞ്ഞുകൊടുക്കാനും സ്ഥാപിക്കാനും ഒന്നും യാതൊരു കുഴപ്പവും ഇല്ല. മറ്റു സമയങ്ങളിൽ മാത്രമേ കുഴപ്പം ഉള്ളൂ. സംവരണത്തിനെതിരല്ല പക്ഷേ അതിനോടൊപ്പം തന്നെ സാമ്പത്തിക സംവരണം കൂടി നടപ്പാക്കണം. ഉയർന്ന ജാതിയിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കുറ്റം കാരണം തൊഴിൽ നിഷേധിക്കുന്നത് ജനാധിപത്യ മര്യാദകൾക്കു നിരക്കുന്നതാണോ? ആരു നിഷേധിച്ചു എന്നാകും. കഷ്ടപ്പെട്ടു നല്ല മാർക്കു വാങ്ങിയിട്ടും ഈ ഒരു പിന്തിരിപ്പൻ സംവരണം കാരണം ഒരു പാവപ്പെട്ട ഒരു ഉയർന്ന ജാതിക്കാരനു തൊഴിൽ നിഷേധിക്കുന്നതിനെ ജനാധിപത്യ വിരുദ്ധം എന്നല്ലെങ്കിൽ മറ്റെന്താണു വിളിക്കേണ്ടത്?
ബീഹാറിലും യൂപിയിലും ഒക്കെയുള്ള കുഗ്രാമങ്ങളിൽ ഇന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ നിലവിലുണ്ടെങ്കിലും കേരളത്തിലെ ഇന്നത്തെ സാമൂഹിക സ്ഥിതി എന്താണെന്നു സങ്കുചിത രാഷ്ട്രീയ ജാതി മത ചിന്തകൾ വെടിഞ്ഞ് ഒന്നു വിലയിരുത്തി നോക്കൂ.
പതിറ്റണ്ടുകൾക്കു മുൻപേയുള്ള സെൻസസ് പ്രകാരം ഉള്ള കണക്കുകൾ പല ആനുകൂല്ല്യങ്ങൾക്കും ഇന്നും ആധാരമായി എടുത്തിരിക്കുന്നത്. ഇപ്പോഴും എല്ലാ ഗവണ്മെന്റു ജോലികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സംവരണത്തിനായി ജാതി സർട്ടിഫിക്കറ്റു ചോദിക്കുന്നതിനെ എതിർക്കാത്തവർ എന്തിനാണ് സെൻസസിനെ മാത്രം ഭയക്കുന്നത്? എന്താണ് ഇതിനു മാത്രം ഒരു നാണക്കേട്?
സ്വതന്ത്ര ഇന്ത്യയുടെ ഒരു അപജയം! മനുഷ്യാവകാശധ്വംസനത്തിനെതിരെ ശബ്ദിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതായോ? കഷ്ടം!