ഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.
വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
ശശി തരൂറിന്റെ ക്ഷമാപണം
“Cattle Class” എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്.
ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.



കോണ്‍ഗ്രസിന്റെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ യാത്രാ ചിലവ് ചുരുക്കല്‍ നടപടികള്‍ പുരോഗമിക്കവെ ശശി തരൂര്‍ ഇക്കണോമി ക്ലാസ് വിമാന യാത്രയെ പറ്റി നടത്തിയ ഒരു പരാമര്‍ശം വിവാദമായി. ചിലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് നേരത്തേ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇതിനിടെ സോണിയാ ഗാന്ധി തന്നെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്തു മാതൃക കാണിച്ചത് മറ്റുള്ളവര്‍ക്ക് തലവേദനയുമായി.
രാജീവ് ഗാന്ധിയുടെ 65-ാം ജന്മ ദിനമായ ഓഗസ്റ്റ് 20 രാഷ്ട്രം സദ്ഭാവനാ ദിനമായും അക്ഷയ ഊര്‍ജ ദിനമായും ആചരിക്കുന്നതിനിടെ ദേശീയ തൊഴില്‍ സുരക്ഷാ പദ്ധതി രാജീവ് ഗാന്ധിയുടെ പേരില്‍ മാറ്റി നാമകരണം ചെയ്യും എന്ന് മന്തി സി. പി. ജോഷി പ്രഖ്യാപിച്ചു. രാജീവ് ഗാന്ധിയുടെ പേരില്‍ നാമകരണം ചെയ്ത 300 ഓളം പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാവും ഇത്. നെഹ്‌റു കുടുംബത്തിന്റെ പേരില്‍ ഇന്ത്യയില്‍ 450 ലേറെ പദ്ധതികളാണ് ഉള്ളത്. വ്യക്തമായ രാഷ്ട്രീയ ഉദ്ദ്യേശങ്ങളാണ് ഇത്തരം പേരിടലിനു പിന്നില്‍. പദ്ധതികളുടെ ഗുണ ഫലം അനുഭവി ക്കുന്നവരുടെ മനസ്സില്‍ നേതാവ് പ്രതിനിധീ കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മമത അടിയുറപ്പി ക്കുന്നതി നോടൊപ്പം ഇത്തരം പേരിടലുകള്‍ക്ക് രാഷ്ട്രീയ അനുരജ്ഞ നത്തിന്റെ ഉപയോഗവും ഉണ്ടാവാറുണ്ട് എന്ന് അടുത്ത കാലത്തെ മുംബൈ വര്‍ളി കടല്‍ പാലത്തിന്റെ പേരിടല്‍ വ്യക്തമാക്കുന്നു. പവാര്‍ – സോണിയ ഭിന്നത പരിഹരി ക്കപ്പെട്ടത് ഈ പാലത്തിന് രാജീവ് ഗാന്ധിയുടെ പേര്‍ നല്‍കണം എന്ന പവാറിന്റെ നിര്‍ദ്ദേശ ത്തോടെയാണ്. യുവ തലമുറയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് രാജീവ് ഗാന്ധി എന്നായിരുന്നു പവാര്‍ അന്ന് അഭിപ്രായപ്പെട്ടത്.
മൊബൈല്‍ ഫോണ്‍ വഴി ജമ്മു കാശ്മീരില്‍ 2006ല്‍ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിലെ ലൈംഗിക പീഡന രംഗങ്ങള്‍ അന്വേഷിച്ച പോലീസ് മറ്റൊരു കഥയാണ് വെളിച്ചത്ത് കൊണ്ടു വന്നത്. വീഡിയോയിലെ 16 കാരിയായ ഒരു പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്നെ പോലെ ഒട്ടേറെ പെണ്‍കുട്ടികളെ ഒരു സംഘം തങ്ങളുടെ പിടിയില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നും ഭരണ രംഗത്തെ പല പ്രമുഖരും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം ഏറ്റെടുത്തു. കോണ്‍ഗ്രസ് – പി. ഡി. പി. മുന്നണിയിലെ മന്ത്രിമാരായ ജി. എം. മിറും രമണ്‍ മട്ടൂവും പോലീസ് പിടിയിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഖ്ബാല്‍ ഖാണ്ഡെ, അതിര്‍ത്തി രക്ഷാ സേനയിലെ ഡി. ഐ. ജി. കെ. സി. പാഥെ തുടങ്ങിയവരും അന്ന് അറസ്റ്റിലായ പ്രമുഖരില്‍ പെടുന്നു. 2006 ജൂലൈയില്‍ തുടങ്ങിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. സി. ബി. ഐ. ഇനിയും അന്വേഷണം പൂര്‍ത്തി ആക്കിയിട്ടില്ല. ഈ കേസില്‍ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നും മറ്റും ആരോപിച്ച് അന്ന് ലഘു ലേഖകളും മറ്റും പ്രചരിച്ചിരുന്നു. 
























