ഉത്തര്‍ പ്രദേശില്‍ പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ ആയിരുന്ന മനോജ് ഗുപ്തയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നു മുഖ്യ മന്ത്രി മായാവതി പ്രസ്താവിച്ചു. തന്റെ പിറന്നാളുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി തന്റെ സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ നിലക്ക് ഇനിയൊരു സി.ബി.ഐ. അന്വേഷണത്തിനു പ്രസക്തിയില്ല എന്നും മായാവതി അറിയിച്ചു.
ഇതിനിടെ കൊല്ലപ്പെട്ട മനോജ് ഗുപ്തയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മരണ കാരണം മര്‍ദ്ദനം ആണ് എന്ന് സ്ഥിരീകരിച്ചു. തലക്കും, നെഞ്ഞത്തും, വയറ്റത്തും മറ്റു ശരീര ഭാഗങ്ങളിലും മാരകായ മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകികള്‍ എന്‍ജിനിയറുടെ ശരീരത്തില്‍ വൈദ്യുത ഷോക്ക് ഏല്പിച്ചു എന്ന ആരോപണത്തെ പറ്റി റിപ്പോര്‍ട്ടില്‍ സൂചന ഇല്ല.
ഇതുമായി ബന്ധപ്പെട്ട് പോലീസ് ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയെയും കൂട്ടാളികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മായാവതിയുടെ പിറന്നാള്‍ ആഘോഷത്തിനു സംഭാവന കൊടുക്കാന്‍ കൊല്ലപ്പെട്ട എഞ്ചിനീയര്‍ വിസമ്മതിച്ചതാണ് കൊലക്ക് കാരണം ആയത്. രാത്രിയില്‍ വീടിന്റെ വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ട താന്‍ ഭര്‍ത്താവിനെ വിളിച്ചു ഉണര്‍ത്തുക ആയിരുന്നു എന്ന് സംഭവം വിശദീകരിച്ചു കൊണ്ടു കൊല്ലപ്പെട്ട മനോജിന്റെ ഭാര്യ ശശി പറയുന്നു. ആരാണ് മുട്ടുന്നത് എന്ന് മനോജ് ചോദിച്ചപ്പോള്‍ സി. ഐ. ഡി. ആണെന്നായിരുന്നു മറുപടി. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ വാതില്‍ ചവിട്ടി തുറന്നു. പെട്ടെന്ന് മനോജ് തന്നെ കുളിമുറിയില്‍ കയറ്റി വാതില്‍ വെളിയില്‍ നിന്നും പൂട്ടി. വാതില്‍ പൊളിച്ചു കയറി വന്ന അക്രമികള്‍ തന്റെ ഭര്‍ത്താവിനെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തു എന്ന് ശശി പറയുന്നു.
ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയുടെ ആള്‍ക്കാര്‍ മനോജിന്റെ പക്കല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതത്രേ. എന്നാല്‍ സംഭവവുമായി മുഖ്യ മന്ത്രിക്ക് ബന്ധമൊന്നും ഇല്ല എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പ്രതിയായ എം. എല്‍. എ. യുടെ പേരില്‍ പന്ത്രണ്ടോളം കേസുകള്‍ വേറെയും നിലവില്‍ ഉണ്ടത്രേ. എന്നാല്‍ ഇതിന് മുന്‍പും പിറന്നാള്‍ പ്രമാണിച്ചു സമ്മാനങ്ങളും സംഭാവനകളും പാര്‍ട്ടിക്കാരുടെ പക്കല്‍ നിന്നും മായാവതി വാങ്ങിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ എഞ്ചിനീയര്‍ മാരുടെ സംഘടന അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ നഷ്ട പരിഹാരവും എഞ്ചിനീയര്‍ മാരുടെ ജീവന് സുരക്ഷയുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും കൊല്ലപ്പെട്ട എന്‍ജിനിയറുടെ ഭാര്യക്ക് ജോലിയും ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു സമാജ് വാദി പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തു.



ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.
ആന്ധ്ര പ്രദേശിലെ വാരംഗലില്‍ രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെ പോലീസ് വെടി വെച്ചു കൊന്നു. എറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ ക്കെതിരെ ജന രോഷം ആളി കത്തുക ആയിരുന്നു.
നിസ്സാന്‍ മാസികയുടെ എഡിറ്ററുടെ നേര്‍ക്ക് ഉണ്ടായ പോലീസ് നടപടിയില്‍ വ്യാപകമായ പ്രധിഷേധം ഉയരുന്നു. ഭുബനേശ്വര്‍ കോടതിയില്‍ വച്ചാണ് പോലീസ് ലെനിനെ മര്‍ദ്ദിച്ചത്. ഇടതു പക്ഷ ചിന്താഗതി ക്കാരനായ ലെനിന്‍ ഹിന്ദു സംഘടനക ള്‍ക്കെതിരെ എഴുതി എന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണ ക്കാരായവരെ ശിക്ഷിക്കാന്‍ ശ്രദ്ധ വെക്കാത്തവര്‍ മത നിരപേക്ഷതക്ക് വേണ്ടി എഴുതുന്നവരെ വേട്ടയാടുക യാണെന്ന് ഇടതു പക്ഷം ആരോപിക്കുന്നു. മാധ്യമങ്ങളോട് സംവദിക്കുന്നതില്‍ നിന്നും പോലീസ് ലെനിനെ വിലക്കി യിരിക്കുകയാണ്.

























