മുംബൈ ഭീകര ആക്രമണവും ആയി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മൊഹമ്മദ് ഒമര്‍ മദനി പാക്കിസ്ഥാന്‍ കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച ജമാ അത് ഉദ് ദവ നേതാവ് ഹാഫിസ് മൊഹമ്മദ് സയീദിന്റെ വലം കൈ ആണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സയീദിന്റെ ഏറ്റവും അടുത്ത കൂട്ടാളികളില്‍ ഒരാളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നേപ്പാളില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. മദനി സയീദിനൊപ്പം 2000 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ലഷ്കര്‍ എ തൊയ്ബ എന്ന ആഗോള ഭീകര സംഘടനക്ക് യുവാക്കളെ ചേര്‍ത്ത് കോടുക്കുന്ന ജോലിയും ഇയാളുടേതായിരുന്നു എന്നും ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.



ലോകത്തെ നടുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യയും അമേരിക്കയും ആരോപിച്ച ലഷ്കര്‍ എ തയ്ബ യുടെ മുന്നണി സംഘടനയായി പ്രവര്‍ത്തിക്കുന്ന ജമാ അത് ദു അവയുടെ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. ലാഹോര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ 163 പേര്‍ കൊല്ലപ്പെട്ട ഭീകര ആക്രമണങ്ങള്‍ ഇയാളാണ് ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത് എന്ന് അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് അന്ന് പാക് നേതൃത്വം ഇയാളെ വീട്ടു തടങ്കലില്‍ ആക്കാന്‍ തയ്യാറായത്. ഇന്ത്യ നല്‍കിയ തെളിവുകള്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കാതെ ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്ന് ഇതോടെ പാക്കിസ്ഥാന്‍ തെളിയിച്ചിരിക്കുന്നു.
ജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്. 
ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
























