മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. ശ്രീനഗര്‍ സ്വദേശി മുഖ്താര്‍ അഹമ്മദ് ശൈഖ്(35), കൊല്‍ക്കത്ത നിവാസി തൌസിഫ് റഹ്മാന്‍(26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 22 സിംകാര്‍ഡുകള്‍ വാങ്ങുകയും ഭീകരര്‍ക്ക് കൈ മാറുകയും ചെയ്തു എന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നായിരുന്നു അക്രമികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചത്. ഈ സിംകാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.



മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

























