മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്.
നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം.
സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.



പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
വിശ്വ ഹിന്ദു പരിഷദ് നേതാവ് ലക്ഷ്മണാനന്ദ സരസ്വതി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒറീസ്സയില്‍ നടന്ന ബന്ദിനിടയില്‍ വര്‍ഗ്ഗീയ കലാപകാരികളാല്‍ മാന ഭംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ഇരുപത്തി ഒന്‍പത് കാരിയായ കത്തോലിക്ക സന്യാസിനിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് ഒറീസ്സയിലെ കന്ധമാലില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തോളം പേര്‍ക്ക് പുറമെ എണ്‍പത് പേര്‍ വേറെയും ഉണ്ടായിരുന്നു പരേഡില്‍. ഇവരില്‍ നിന്നാണ് തന്നെ ആക്രമിച്ച രണ്ടു പേരെ ഇവര്‍ തിരിച്ചറിഞ്ഞത്. ശനിയാഴ്ച നടത്തുവാനിരുന്ന പരേഡ് മാധ്യമ ശ്രദ്ധ ഒഴിവാക്കുവാന്‍ വേണ്ടിയാണ് തിങ്കളാഴ്ച നടത്തിയത് എന്ന് പോലീസ് അറിയിച്ചു.-716331.jpg)
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി. 
























