തിരുവനന്തപുരം: 2013ലെ എസ്. ബി. ടി. സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള എസ്. ബി. ടി. സുവര്‍ണ മുദ്രയ്ക്ക് അര്‍ഹനായത് ഡോ. ജോര്‍ജ് ഓണക്കൂറാണ്. ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രശസ്ത സാഹിത്യകാരനും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി. കെ. പാറക്കടവിന് ‘ഹിറ്റ്‌ലര്‍ സസ്യഭുക്കാണ്’ എന്ന കഥാ സമാഹാരത്തിനും എസ്. ബി. ടി. മാധ്യമ പുരസ്‌കാരം ‘പ്രവാസികളുടെ നാട്ടില്‍ ഇവര്‍ക്ക് നരക ജീവിതം’ എന്ന വാര്‍ത്താ പരമ്പര തയ്യാറാക്കിയ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ടി. സോമനുമാണ്.
കവിതാ സമാഹാരം – ഇ. കെ. നാരായണന്‍ (ആത്മായനം), ബാല സാഹിത്യം – ഡോ. പി. കെ. ഭാഗ്യലക്ഷ്മി (ടിക്കുറോ), സാഹിത്യ വിമര്‍ശനം – ഡോ. ടി. കെ. സന്തോഷ് കുമാര്‍ (തരിശു നിലത്തിലെ കാവ്യ സഞ്ചാരി) എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങൾ. എസ്. ബി. ടി. മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാറാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും ആണ് സമ്മാനം. മാര്‍ച്ച് ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന എസ്. ബി. ടി. മലയാള സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സാഹിത്യം