കണ്ണൂര്‍: അങ്കത്തിനിറങ്ങുന്നത് എം. വി. ആര്‍. എന്ന പഴയ പടക്കുതിര യാകുമ്പോള്‍ ഇത്തവണ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിലെ മത്സരം കടുക്കും. സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം ആദ്യമായി എം. വി. രാഘവന്‍ 1987-ല്‍ മത്സരിച്ചതും ഈ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എം. വി. ആറിനോട് പൊരുതുവാന്‍ പാര്‍ട്ടി കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ കേമനായിരുന്ന ഇ. പി. ജയരാജനെ തന്നെ ആയിരുന്നു. രാഷ്ടീയത്തിന്റെ അടവും തടയും പഠിപ്പിച്ച ഗുരുവിനു മുമ്പില്‍ ശക്തമായ പോരാട്ടം തന്നെ ജയരാജന്‍ കാഴ്ച വെച്ചു. എങ്കിലും എം. വി. രാഘവന്‍ എന്ന കരുത്തനു മുമ്പില്‍ ശിഷ്യന് അടി പതറിയപ്പോള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയും കൂടെയായി.
അഴീക്കോട് മണ്ഡലത്തില്‍ നിന്നും അന്ന് ജയിച്ചു എങ്കിലും പിന്നീട് രാഘവനെ പല തരത്തിലും ഏറ്റുമുട്ടി യെങ്കിലും ഒട്ടും വാശി കുറയാതെ ഒറ്റയാന്‍ പോരാളിയായി രാഘവന്‍ തലയുയര്‍ത്തി പ്പിടിച്ച് രാഷ്ടീയ ഭൂമികയിലൂടെ നടന്നു കയറി. രാഷ്ടീയ രണാങ്കണങ്ങളില്‍ ഇടയ്ക്ക് ചില തിരിച്ചടികള്‍ നേരിട്ടു എങ്കിലും ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടെന്നുള്ള പ്രഖ്യാപനമാണ് എം. വി. ആര്‍. പഴയ തട്ടകമായ അഴീക്കോട് തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് കരുതുന്നു. അഴീക്കോട്ടേക്ക് രാഘവന്‍ വരുമ്പോള്‍ ഇടതു ചേരിയും അല്പം കരുതലോടെ തന്നെ ആകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്