പിറവം: പിറവത്ത് യു. ഡി. എഫിനു പ്രതിരോധം തീര്‍ക്കുവാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും എത്തി. മുളന്തുരുത്തിയില്‍ ആരംഭിച്ച് മൊത്തം ഏഴു കേന്ദ്രങ്ങളില്‍ ആയിരിക്കും ആന്റണി പ്രസംഗിക്കുക. സിന്ധു ജോയിയും അദ്ദെഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍. സെല്‍വരാജിന്റെ രാജിയും തുടര്‍ന്ന് സാന്ദര്‍ഭികമായി സിന്ധുജോയിയെ കുറിച്ചുള്ള പരാമര്‍ശത്തിനിടെ “അഭിസാരികാ” പ്രയോഗം കടന്നു വന്നതുമാണ് യു. ഡി. എഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായിക്കൂടെയാകണം പൊതുരംഗത്തുനിന്നും കുറച്ചുനാളായി വിട്ടു നില്‍ക്കുന്ന മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് ഇറക്കുന്നത്. ഇതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ആകും എന്നാണ് യു. ഡി. ഫ് കരുതുന്നത്.
ഇടതു പക്ഷത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആണെങ്കിലും അവസാന നിമിഷം പടനയിക്കുന്നതിനായി ഇറക്കിയത് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെയാണ്. വി. എസിനുള്ള ജന പിന്തുണ ഇടതു പക്ഷത്ത് മറ്റൊരു നേതാവിനും ഇല്ലെന്നതു തന്നെയാണ് അദ്ദേഹത്തെ മുന്‍നിര്‍ത്തി പ്രാചാരണം കൊഴുപ്പിക്കുവാന്‍ എല്‍. ഡി. എഫിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി,കെ. ബാബു തുടങ്ങി നിരവധി മന്ത്രിമാര്‍ രംഗത്തുണ്ടെങ്കിലും അച്യുതാനന്ദനെന്ന അതികായനോട് തുല്യം നില്‍ക്കുവാന്‍ എ. കെ .ആന്റണി തന്നെ വേണമെന്ന് യു. ഡി. എഫ് നേതാക്കള്‍ക്ക് അറിയാം. ഇതാണ് പാര്‍ലമെന്റില്‍ പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറുന്ന വേളയിലും എ. കെ. ആന്റണിയെ കളത്തിലിറക്കിയത്. ആര്‍. ശെല്‍വരാജിന്റെ രാജിയും വി. എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ നിയമസഭാസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും യു. ഡി. എഫ് അണികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അവസാനവട്ട പ്രചാരണത്തിനായി എ. കെ. ആന്റണിയുടെ വരവ് അതിന്റെ ആക്കം ഒന്നുകൂടെ വര്‍ദ്ധിപ്പിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്