കണ്ണൂര്‍: പട്ടുവം അരിയിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതുമായ് ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ. എം. ഷാജി എം. എല്‍. എ ആവശ്യപ്പെട്ടു. സി. പി. എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്നും നിയമ സഭയ്ക്കകത്തായാലും പുറത്തായാലും പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും ഷാജി പറഞ്ഞു. ഷുക്കൂര്‍ വധം :ജനകീയ വിചാരണ എന്ന പേരില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ നിയോജക മണ്ഡലം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പും കണ്ണൂരില്‍ രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അവയിലൊക്കെ സി. പി. എം വിലകൊടുത്തു വാങ്ങുന്ന വാലുകളാണ് പിടിക്കപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ വാലുകളെ അല്ല തലകളെ തന്നെ പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വണ്ടി ആക്രമിച്ചവന്‍ തന്നെയാണ് മരിച്ചതെന്നും ഗതികെട്ടാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും സി. പി. എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തളിപ്പറമ്പില്‍ പറഞ്ഞതായി കെ. എം. ഷാജി പറഞ്ഞു. ജയരാജനും സി. പി. എമ്മിനും മനോരോഗമാണെന്നും അത് ചികിത്സിക്കുവാന്‍ ഫണ്ട് തങ്ങള്‍ പിരിച്ചു നല്‍കാമെന്നും ഷാജി തുറന്നടിച്ചു. അഷ്‌റഫ് ബംഗാളി മൊഹല്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു, കെ. പി. താഹിര്‍, പി. കെ. ഇസ്മായില്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം