തിരുവനന്തപുരം: ഒരു പൌരന് തന്റെ രാജ്യം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. പല രാജ്യങ്ങളും പാസ്പോര്‍ട്ട് സൌജന്യമായാണ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്നത്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ പാസ്പോര്‍ട്ടിന്റെ നിര്‍മ്മിതിയില്‍ വരുന്ന പാകപ്പിഴകള്‍ക്കും പാസ്പോര്‍ട്ടിന്റെ ഉടമ തന്നെ ഉത്തരവാദിയാകണം. ഒട്ടുമിക്കവരുടെയും പാസ്പോര്‍ട്ടുകളുടെ ലാമിനേഷന്‍ വളരെ പെട്ടെന്ന് അടര്‍ന്നു പോരുന്നതിനാല്‍ വിദേശ യാത്ര നടത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ തന്നെ വിവിധ കാരണങ്ങളാല്‍ പലരെയും കൂടുതല്‍ പരിശോധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പേര് നോക്കിയും സ്ഥലം നോക്കിയും ചില ഉദ്യോഗസ്ഥര്‍ യാത്രക്കാരെ അകാരണമായി കൂടുതല്‍ ചോദ്യം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ലാമിനേഷന്‍ ഇളകിയ പാസ്പോര്‍ട്ടുമായി വരുന്ന യാത്രക്കാരനെ കൂടുതല്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇക്കാര്യം പാസ്പോര്‍ട്ട് ഓഫീസിലോ എംബസിയിലോ പറഞ്ഞാല്‍ അത് അവരവരുടെ കുഴപ്പമാണെന്ന രീതിയിലാണ് പറയുന്നത്. എന്നാല്‍ കൃത്യമായി ലാമിനേഷന്‍ ചെയ്യാതെ നല്‍കുന്ന ഇത്തരം പാസ്പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തന്നെ കേടുവരുന്നു എന്നതാണ് അവസ്ഥ. വിദേശത്ത് ജോലി ചെയ്യുന്ന പലര്‍ക്കും പാസ്പോര്‍ട്ട് അവരവരുടെ കമ്പനികളില്‍ ഏല്‍പ്പിക്കണം. പിന്നെ അടുത്ത അവധിക്കായി അപേക്ഷിക്കുന്ന സമയത്ത് നാട്ടിലേക്ക് തിരിക്കുന്ന അന്നോ തലേന്നോ മാത്രമാണ് പാസ്പോര്‍ട്ട് കിട്ടുക. കുറഞ്ഞ ലീവിന് നാട്ടിലെത്തുന്ന ഇവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയാക്കി കിട്ടുവാനുള്ള സമയം ഉണ്ടാകാന്‍ ഇടയില്ല. ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഫീസും നല്‍കണം. പത്ത് വര്‍ഷക്കാലം ഒരു പൌരന്‍ സൂക്ഷിക്കേണ്ട ഈ പ്രധാനപ്പെട്ട രേഖ നിര്‍മ്മാണത്തില്‍ തന്നെ വേണ്ട വിധത്തില്‍ ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഗുണമേന്മയില്‍ നിര്‍മ്മിക്കാത്തതിന്റെ ബാധ്യത ജനങ്ങളില്‍ കെട്ടിവേക്കുന്ന രീതി ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മനുഷ്യാവകാശം