കോഴിക്കോട്: കേരളത്തിന്റെ സഫ്ദര്‍ ഹഷ്മി എന്നറിയപ്പെടുന്ന പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന അന്തരിച്ച പി.എം താജിന്റെ അനുംസരണ പരിപാടികള്‍ക്ക് കോഴിക്കോട് തുടക്കമായി. തെരുവുനാടകങ്ങളോടെ ആയിരുന്നു പരിപാടികളുടെ തുടക്കം. 27 മുതല്‍ 30 വരെ നീളുന്നതാണ് അനുസ്മരണ പരിപാടികള്‍. നാടകങ്ങള്‍, അനുസ്മരണ പരിപാടികള്‍, മുഖാമുഖം, നാടകപ്രവര്‍ത്തകരുടെ കൂട്ടായമ, കുട്ടികളുടെ നാടകാവതരണം തുടങ്ങി വിപുലമായ പരിപാടികളാണ് താജിന്റെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ചിട്ടുള്ളത്. 28 നു വൈകുന്നേരം സെന്‍ട്രല്‍ ലൈബ്രറി ഹാള്‍ പരിസരത്ത് അനുസ്മരണം നടക്കും.
1956 ജനുവരി 3ന് പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം.താജ് കോഴിക്കോട്ടെ ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ നാടകങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. നിലനിന്നിരുന്ന നാടക സങ്കല്പങ്ങളില്‍ നിന്നും വിഭിന്നമായി ജനകീയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് തെരുവു നാടകങ്ങളിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന രീതിയിലായിരുന്നു താജിന്റെ നാടകങ്ങള്‍. അമ്മാവനും പ്രമുഖ നാടക കൃത്തുമായിരുന്ന കെ.ടി.മുഹമ്മദിന്റേതില്‍ നിന്നും വിഭിന്നമായി തെരുവുനാടക പ്രസ്ഥാനത്തിന്റെ വേറിട്ട വഴിയിലൂടെയായിരുന്നു താജ് ആദ്യകാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇരുപതാം വയസ്സില്‍ 1977-ല്‍ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ പെരുമ്പറ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബ്രെഹതിന്റേയും ഗ്രോട്ടോവ്സ്കിയുടേയും മറ്റും നാടക സങ്കല്പങ്ങള്‍ താജിന്റെ നാടകങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സോ പ്രചോദനമോ ആയിത്തീര്‍ന്നിട്ടുണ്ട്. കനലാട്ടം എന്ന നാടകം ഇതിന്റെ സാക്ഷ്യമാണ്. തുടര്‍ന്ന് വന്ന രാവുണ്ണിയെന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കടക്കെണിയില്‍ കുടുങ്ങി നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയെ വരച്ചുകാട്ടിയ ആ നാടകം ഇന്നും പ്രസക്തമാണ്. കുടുക്ക, കുടിപ്പക, കണ്‍കെട്ട്, തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല തുടങ്ങിയവയും അദ്ദേഹത്തിന്റെ മറ്റു രചകളില്‍ ചിലതാണ്. രചയിതാവെന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. 1979-ല്‍ “കനലാട്ടം“ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താജ് “യുവധാര” എന്ന മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവുനാടകങ്ങളിലൂടെ കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിച്ച അതുല്യ കലാകാരന്‍ 1990- ജൂലൈ 29ന് അന്തരിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള സാംസ്കാരിക വ്യക്തിത്വം, നാടകം