അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ യുവകവികള്‍ക്കായി ക്യാംപും പുരസ്‌കാരവും സംഘടിപ്പിക്കുന്നു ആധുനിക മലയാളകവിതയുടെ അഗ്രദൂതന്‍, നിരൂപകന്‍, പണ്ഡിതന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍ എന്നീ നിലകളിലെല്ലാം സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2012 സപ്തംബര്‍ 15, 16 തിയ്യതികളില്‍ തിരുവനന്തപുരത്തുവെച്ച് യുവകവികള്‍ക്കായി ദ്വിദിന കവിതാക്യാംപ് സംഘടിപ്പിക്കുന്നു. എഴുതിത്തുടങ്ങുന്ന കവികളില്‍ മലയാളകാവ്യചരിത്രത്തേയും സൗന്ദര്യശാസ്ത്രത്തേയും കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. ലോകകവിതയുടേയും ഇന്ത്യന്‍ കവിതയുടേയും പശ്ചാത്തലത്തില്‍ മലയാളകവിതയിലെ പാരമ്പര്യങ്ങള്‍, പ്രവണതകള്‍, കവിതയിലെ ഭാവുകത്വപരിണാമങ്ങള്‍, കവിതയുടെ ഭാഷ, കവിതാപ്രസ്ഥാനങ്ങള്‍, ദര്‍ശനങ്ങള്‍, സമീപനങ്ങള്‍ ഇവയെക്കുറിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളും ചര്‍ച്ചകളുമായിരിക്കും ക്യാമ്പില്‍ ഉണ്ടാവുക. ഒപ്പം കവിതാപാരായണങ്ങളും വിലയിരുത്തലുകളും മുതിര്‍ന്ന കവികളുമായുള്ള സംവാദങ്ങളും ഉണ്ടാവും. ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്നവരുടെ കവിതകള്‍ വിദഗ്ദ്ധസമിതി പരിശോധിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രണ്ടു കവിതകള്‍ക്ക് പുരസ്‌കാരമായി 25000 രൂപ തുല്യമായി വീതിച്ചു നല്‍കുകയും ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ള (25 വയസ്സില്‍ കവിയാത്തവര്‍) യുവകവികള്‍ ഒരു സ്വന്തം കവിതയും മലയാളത്തിലെ പൂര്‍വ്വകവികളില്‍ ആരുടെയെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന ഒരു കവിതയുടെ പകര്‍പ്പും സഹിതം സെക്രട്ടറി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ , ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാല ബില്‍ഡിങ്, വഞ്ചിയൂര്‍. പി.ഒ, തിരുവനന്തപുരം 695 035 എന്ന വിലാസത്തിലോ ayyappapanikerfoundation@gmail.com എന്ന ഇ മെയിലിലോ ആഗസ്റ്റ് 25 നു മുമ്പ് ലഭിക്കത്തക്ക വിധം അയക്കുക.
കെ.സച്ചിദാനന്ദന്‍ (പ്രസിഡണ്ട്)
ടി.പി.ശ്രീനിവാസന്‍ (വൈസ് പ്രസിഡണ്ട്)
പ്രിയദാസ്.ജി.മംഗലത്ത് (സെക്രട്ടറി)
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം