കൊച്ചി : കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാഴ്‌സൽ ഉണ്ട്. അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ട് എന്നും അറിയിക്കും. നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ പേരിൽ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. ഓൺ ലൈൻ തട്ടിപ്പു കളുടെ വിവിധ വശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി വരുന്ന കേരളാ പോലീസിൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് “പെടല്ലേ.. തട്ടിപ്പാണ്”… എന്ന പോസ്റ്റ്.
നിങ്ങളുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു വിളിക്കുന്നയാൾ, നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈ മാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.
പാഴ്സലിനുള്ളിൽ എം. ഡി. എം. എ. യും പാസ്സ് പോർട്ടും നിരവധി ആധാർ കാർഡുകളും ഉണ്ട്. നിങ്ങൾ തീവ്ര വാദികളെ സഹായിക്കുന്നു എന്നും പറയുന്നു.
പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐ. ഡി. കാർഡ്, പരാതിയുമായി ബന്ധം ഉണ്ട് എന്നു തെളിയിക്കും വിധം വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചു തരുന്നു.
ഐ. ഡി. കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവര ങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിൻ്റെ പരിശോധനക്ക് അയച്ചു നൽകണം എന്നും ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. എങ്ങോട്ടും പോകരുത് എന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.
ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈ മാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതാവും.
അവരുമായി ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.
ഓണ്‍ ലൈന്‍ സാമ്പത്തിക ത്തട്ടിപ്പിന്ന് ഇരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പോലീസ് അറിയിച്ചു. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
അതുപോലെ വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് ഫെയ്‌സ് ബുക്ക് അടക്കമുള്ള നവ സാമൂഹ്യ മാധ്യമ ങ്ങളിലൂടെയാണ്.
വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം / വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.
അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും ഷെയർ ചെയ്യും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണ് എന്നുള്ള കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cyber-crime, social-media, കുറ്റകൃത്യം, തട്ടിപ്പ്, നിയമം, പോലീസ്, പ്രതിരോധം, സാമൂഹികം