തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 ന് ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.
മുല്ലനേഴി നീലകണ്‌ഠന്‍ എന്ന മുല്ലനേഴി, വെള്ളം, മേള ,സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്‌ജിത് സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ് അവസാനമായി ഗാനമെഴുതിയത്. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഉപ്പ് ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.
- ലിജി അരുണ്‍