കൊല്ലം: ജയില്‍ മോചിതനായ കേരളാ കോണ്‍ഗ്രസ്സ് (ബി) പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ മകനും മന്ത്രിയുമായ കെ. ബി. ഗണേശ് കുമാറിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഗണേശ് കുമാറിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഇതിനോടകം പിള്ളയില്‍ നിന്നും വന്നു കഴിഞ്ഞു. അണികള്‍ക്കിടയിലും ഇതിന്റെ പ്രതികരണം കണ്ടു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരു പക്ഷത്തുമായി നിലയുറപ്പിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടിയുടെ ഏക മന്ത്രിയായ ഗണേശ് കുമാറിനെ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകും എന്നാണ് സൂചനകള്‍.
കേരള രാഷ്ടീയത്തിലെ അതികായന്മാരില്‍ ഒരാളായ ബാലകൃഷ്ണ പിള്ളക്ക് മകനുമായി ഒരേറ്റുമുട്ടലിനുള്ള ബാല്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതും പ്രായാധിക്യവും തന്നെയാകും പിള്ളക്ക് പ്രധാന വെല്ലുവിളി. കേരള കോണ്‍ഗ്രസ്സ് (ബി) യില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭൂരിപക്ഷം അണികളും നേതാക്കന്മാരും ഗണേശ് കുമാറിനൊപ്പം നില്‍ക്കും എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. വളരെ നേരിയ ഭൂരിപക്ഷം ഉള്ള യു. ഡി. എഫ്. സര്‍ക്കാറിനെ സംബന്ധിച്ച് ഗണേശ് കുമാറിനെ തള്ളിക്കളയുവാന്‍ ആകില്ല. എന്നാല്‍ എന്‍. സി. പി. എം. എല്‍. എ. തോമസ് ചാണ്ടിയെ തന്നോടൊപ്പം നിര്‍ത്തുവാനാണ് പിള്ളയുടെ നീക്കം. അതോടെ ഗണേശ് കുമാറിനെ പിന്‍വലിച്ചാലും പാര്‍ട്ടിക്കും യു. ഡി. എഫിനും ദോഷമുണ്ടാകില്ലെന്ന് കരുതുന്നു. ഈ നീക്കത്തിനു യു. ഡി. എഫിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നായര്‍ സമുദായത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ് (ബി). സമുദായാംഗമായ മന്ത്രിയെ പിന്‍വലിച്ച് അന്യ സമുദായക്കാരനെ മന്ത്രിയാക്കുന്നതിനോട് നായര്‍ സമുദായാംഗങ്ങള്‍ യോജിക്കുമോ എന്നും പാര്‍ട്ടിയില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. ഒരു പിളര്‍പ്പുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും പാര്‍ട്ടിയുടെ നിലനില്പു തന്നെ ഇല്ലാതാകുമെന്നും കരുതുന്നവര്‍ ഉണ്ട്. ഇപ്പോള്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭാവിയില്‍ ഒരു പക്ഷെ ഒരിക്കലും എം. എല്‍. എ. സ്ഥാനം ലഭിച്ചേക്കില്ല എന്ന് കരുതി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നതായി സൂചനയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍