കാട്ടാക്കട:  കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ കാപ്പുകാട്ടെ വനം വകുപ്പിന്റെ ആനസംരക്ഷണ  കേന്ദ്രത്തില്‍ എത്തിച്ചു. പരുത്തിപ്പള്ളി റേഞ്ചില്‍ പെടുന്ന മണിതൂക്കി  ഒറ്റക്കുടി വനത്തില്‍ മേയുകയായിരുന്ന ആനക്കൂട്ടത്തില്‍ പെട്ടതായിരുന്നു  കുട്ടിക്കൊമ്പന്‍. അബദ്ധത്തില്‍ പാറയിടുക്കില്‍ പെട്ട കുട്ടിക്കൊമ്പനെ  അവര്‍ രക്ഷിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയാപ്പെട്ടു. ആനകളുടെ  കരച്ചില്‍ കേട്ട് എത്തിയ ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍  ആനക്കുട്ടിയെ രക്ഷപ്പെടുത്തി. ആനക്കൂട്ടം സമീപത്ത് വനത്തിനുള്ളില്‍  നിലയുറപ്പിച്ചിരുന്നതിനാല്‍ ആനക്കുട്ടിയെ കൊണ്ടു പോകും എന്നായിരുന്നു  പ്രതീക്ഷ. എന്നാല്‍ അവ ആനക്കുടിയെ കൂട്ടാതെ ഉള്‍ക്കാട്ടിലേക്ക്  പോകുകയായിരുന്നു.
ഒരുമാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആനക്കുട്ടിയെ  കാട്ടില്‍ വിടുന്നത് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ചു  സംരക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും  വെറ്റിനറി ഡോക്ടറും ആദിവാസികളും അടങ്ങുന്ന സംഘം കുട്ടിക്കൊമ്പനെ കാടിനു  വെളിയില്‍ എത്തിച്ചു.നാട്ടിലേക്കുള്ള യാത്രയുടെ ഇടയ്ക്ക് ചെറിയ വിശ്രമം  ഒപ്പം കുടിക്കുവാന്‍ കരിക്കിന്‍ വെള്ളവും.  പിന്നീട് ജീപ്പില്‍  കാപ്പുകാട്ടെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക്. ആനസംരക്ഷണ കേന്ദ്രത്തില്‍  എത്തിയതോടെ കുഞ്ഞന്‍ ഉറക്കെ ഒന്ന് ചിഹ്നം വിളിച്ച് വരവറിയിച്ചു. അതോടെ  അവിടെ ഉണ്ടായിരുന്ന മറ്റാനകള്‍ അഭിവാദ്യമെന്നോണം തിരിച്ചും ചിഹ്നം  വിളിച്ച്ഉ പുതിയ അതിഥിയെ വരവേറ്റു. പൊക്കിള്‍ കൊടി പോലും ഉണങ്ങാത്തതിനാല്‍  അതീവ ശ്രദ്ധയോടെ ആണ് ആനക്കുട്ടിയെ സംരക്ഷിക്കുന്നത്. പാപ്പാന്‍ പുഷ്കരന്‍  പിള്ളയും സംഘവും ഒപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രത്യേക പരിചരണമാണ്  നല്‍കുന്നത്. ഇത്രയും പ്രായം കുറഞ്ഞ ആനക്കുട്ടിയെ ലഭിക്കുന്നത് ഇത്  ആദ്യമായാണ്. രണ്ടു വയസ്സു മുതല്‍ നാലു വയസ്സുവരെ ആണ് ആനയുടെ മുലയൂട്ടല്‍  കാലം.
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: ആനക്കാര്യം