തിരുവനന്തപുരം: നെയ്യാറ്റിങ്കരയിൽ ആർ. ശെൽവരാജിനെ പിന്തുണയ്ക്കുവാൻ കോൺഗ്രസ്സിൽ ധാരണയായി. ഇന്നു ചേർന്ന കെ. പി. സി. സി യോഗത്തിലാണ് ഇതു സംബന്ധിച്ച് തത്വത്തിൽ തീരുമാനമായത്. വി. എം സുധീരൻ, കെ. മുരളീധരൻ എന്നിവർ ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾക്ക് ശെൽവരാജിനെ യു. ഡി. എഫ് സ്ഥാനാർഥിയാക്കുകയോ പിൻതുണയ്ക്കുകയോ ചെയ്യുന്നതിൽ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സി. പി. എം എം. എൽ. എ ആയിരുന്ന ആർ. ശെൽവരാജിന്റെ രാജി പിറവത്ത് യു. ഡി. എഫിനു ഗുണകരമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ഥാനാർഥിത്വം സംബന്ധിച്ച് നേരത്തെ അദ്ദേഹത്തിനു വാക്കു നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കപ്പെടണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണ് സൂചന. നെയ്യാറ്റിൻ കരയിൽ നിന്നുമുള്ള ചില കോൺഗ്രസ്സ് പ്രവർത്തകർ ശെൽവരാജിനെ പിന്തുണയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നേതൃയോഗം നടക്കുന്നിടത്ത് എത്തിയിരുന്നു. കെ. പി. സി. സി യോഗത്തിന്റെ തീരുമാനം പിന്നീട് ഹൈക്കമാന്റിനെ അറിയിക്കും.
നെയ്യാറ്റിൻകരയിൽ ശെൽവരാജ് ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാൽ സി. പി. എം സ്ഥാനാർഥിയെ നിശ്ചയിക്കും. ദീർഘകാലം പാർട്ടി അംഗമായിരുന്ന വ്യക്തി എം. എൽ. എ സ്ഥാനം രാജിവെക്കുകയും പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പ്ശ്ചാത്തലത്തിൽ പിറവത്തേക്കാൾ പതിൻമടങ്ങ് കരുത്തോടെ നെയ്യാറ്റിൻ കരയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുവാനാണ് സി. പി. എം ശ്രമിക്കുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്