തിരുവനന്തപുരം: ഉപരോധ സമരത്തിന്റെ പേരില്‍ വീട്ടിലേക്കുള്ള യാത്രാസ്വാതന്ത്ര്യം തടസ്സപ്പെട്ടതിനെതിരെ എല്‍.ഡി.എഫ് നേതാക്കളോട് പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയ്ക്കെതിരെ ശകാര വര്‍ഷം. സന്ധ്യ നടത്തിയത് സരിതോര്‍ജ്ജത്തിന്റെ താടാകാവതരണമാണെന്ന് തൊട്ടടുത്ത ദിവസത്തെ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു. സരിതയ്ക്കും ബിജുവിനും കൊടുക്കാനുള്ള പണമാണ് ചിറ്റിലപ്പള്ളി വഴി സന്ധ്യക്ക് കൊടുത്തതെന്നും ആരോപിച്ചു. പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ ആര്‍ജ്ജവം കാണിച്ചതിനു സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതിന്റെ പേരിലാണ് പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയെ സി.പി.എം അപഹസിച്ചത്. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി ഇത്ര കൊച്ചാണെന്ന് മനസ്സിലായെന്നും പറഞ്ഞ അദ്ദേഹം ചിറ്റിലപ്പള്ളിയെ ചെറ്റലപ്പള്ളിയെന്നും ആക്ഷേപിച്ചു.സന്ധ്യയുടെ വീട്ടിലെ വാഴകള്‍ കഴിഞ്ഞ ദിവസം രാത്രി ചിലര്‍ വെട്ടി നശിപ്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരുന്നു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ നിര്‍ത്തുവാന്‍ കാലമായെന്നും സന്ധ്യ പ്രതികരിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ കണ്ടെന്നും എം.മുകുന്ദന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ സന്ധ്യയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ധ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പാര്‍ട്ടി അനുഭാവികളായ പലരും പ്രതികരിച്ചത്.
ജനങ്ങള്‍ക്ക് വഴി നടക്കുവാന്‍ പോലും ആകാത്ത വിധം സമരം നടത്തുന്നത് ശരിയല്ലെന്നും പലപ്പോഴും തനിക്ക് ഇത്തരം സമരങ്ങളോട് പ്രതിഷേധം തോന്നിയിരുന്നെങ്കിലും അത് പ്രകടിപ്പിക്കുവാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടായില്ല. എന്നാല്‍ ഒരു വീട്ടമ്മയായ സന്ധ്യ അതിനു തയ്യാറായപ്പോള്‍ അവര്‍ക്ക് സമ്മാനം നല്‍കണം എന്ന് തോന്നിയെന്നുമാണ് കഴിഞ്ഞ ദിവസം ചിറ്റിലപ്പള്ളി പറഞ്ഞിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, വിവാദം, സ്ത്രീ