ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിക്കാരുടെ വോട്ട് കുടത്തിലാക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ചിരിയുടെ നിറകുടമായ ഇന്നസെന്റ് ഇപ്പോള്‍ കുടവുമായി തിരശ്ശീലയില്‍ നിന്നും നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്. രാഷ്ടീയത്തില്‍ നിന്നും സിനിമയിലേക്കും അവിടെ നിന്നു വീണ്ടും രാഷ്ടീയത്തിലേക്കും എത്തിയ ഇന്നസെന്റിന്റെ ആരാധകരും ഇടതു പ്രവര്‍ത്തകരും ആവേശത്തിലാണ്.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് ഇന്നസെന്റിനു പിന്‍ബലമേകുന്നു.
എതിര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സിനെ പി.സി.ചാക്കോ ആണ്. എം.പി.എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതികരണം മോശമാകും എന്ന് കണ്ട് തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ചാലക്കുടിയില്‍ എത്തിയ പി.സി.ചാക്കോ ആണ് പ്രധാന എതിരാളി. ഇന്നസെന്റിന്റെ ജനസ്വാധീനവും ഒപ്പം രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ തരംഗവും ഒപ്പം പി.സി.ചാക്കോയോട് ഉള്ള അതൃപ്തിയും വോട്ടാക്കി മാറ്റാം എന്ന കണക്കു കൂട്ടലിലാണ് ഇടതു പക്ഷം. ഗ്യാസ് സിലിണ്ടര്‍,ടെലിവിഷന്‍ എന്നിവയും ചിഹ്നമായി ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും മറ്റു സ്വതന്ത്രരും ആവശ്യവുമായി മുന്നോട്ട് വന്നതോടെ അദ്ദെഹം കുടം സ്വീകരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഗ്യാസ് സിലിണ്ടര്‍ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ പ്രതിഷേധം വോട്ടാക്കി മാറ്റുവാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ പലരും ഗ്യാസ് സിലിണ്ടറിനെ ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എം.പി.വീരേന്ദ്രകുമാര്‍ മോതിരവുമായാണ് പാലക്കാട്ടെ വോട്ടര്‍മാരെ സമീപിക്കുന്നത്. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ ഏറ്റവും ശ്രദ്ധേയനായ എം.ബി. രാജേഷാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.ഫിനു മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ജനതാദളിനും സ്വാധീനമുണ്ട് ഈ മണ്ഡലത്തില്‍ എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ജനതാദളില്‍ ഉണ്ടായ പിളര്‍പ്പ് വീരേന്ദ്ര കുമാറിനു ദോഷകരമായി മാറാന്‍ ഇടയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യു.ഡി.എഫിലേക്ക് പോയ വീരേന്ദ്രകുമാറിനെതിരെ ശക്തമായ നിലപാടെടുത്തത് പാലക്കാട് നിന്നുള്ള നേതാക്കളും അണികളുമാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, സിനിമ