- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

താമരശ്ശേരി: ആംവേയുടെ കേരളത്തിലെ മേധാവി രാജ്കുമാറിനെ ഈ മാസം 23 വരെ റിമാന്റ് ചെയ്തു. ആംവേ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആംവേയുടെ ചില ഓഫീസുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു. മണി ചെയിന്‍ നിരോധന നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയ തോതിലാണ് ആംവേ കേരളത്തില്‍ കണ്ണികള്‍ വഴി ഉല്പന്നങ്ങള്‍ വിറ്റഴിച്ചു വരുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ്ങ് എന്നാണ് പേരെങ്കിലും മണി ചെയിന്‍ രൂപത്തില്‍ കണ്ണികള്‍ ചേര്‍ത്താണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കോടതി, പോലീസ്, സാമ്പത്തികം

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിന്‍ ബിനാലെയ്ക്ക് ഇനി സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട ചിത്ര, ശില്പ പ്രദര്‍ശനം സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി പ്രത്യേക താല്പര്യം എടുത്ത് കൊച്ചി ബിനാലെ ആരംഭിച്ചത്. അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കൊച്ചിന്‍ ബിനാലെയുടെ പേരില്‍ അഞ്ചു കോടി ധൂര്‍ത്തടിച്ചെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കൊച്ചി ബിനാലെ ഫൌണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ധൂര്‍ത്തടിച്ച പണം തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ബിനാലയ്ക്കെതിരെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രമുഖ ശില്പി കാനായി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഉള്ള ഒരു വിഭാഗം കലാകാരന്മാര്‍ ബിനാലെയ്ക്കു പുറകിലെ സാമ്പത്തിക തിരിമറികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, വിവാദം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം. എല്‍. എ. ആര്‍. ശെല്‍വരാജിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എം. എല്‍. എ. ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് സി. പി. എം. ബ്രാഞ്ച് കമ്മറ്റി അംഗം ദയാനന്ദന്‍ അഡ്വ. പി. നാഗരാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ റോഡിന് അതേ സമയത്തു തന്നെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചു എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശെര്‍ല്‍വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരാണ് ഹര്‍ജി.
കൂറുമാറി സി. പി. എമ്മിന്റെ എം.എല്‍.എ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാണ് ശെല്‍വരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിന്‍ കരയില്‍ നിന്ന് മൽസരിച്ചത്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി

തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി മൂന്ന് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്യുവാന്‍ തീരുമാനിച്ച സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലീഗ് മന്ത്രിമാരായ പി. കെ. അബ്ദുറബ്ബ്, എം. കെ. മുനീര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വി. എസ്. അബ്ദുള്‍ സലാം എന്നിവര്‍ക്ക് എതിരെ ആണ് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മലപ്പുറം വിജിലന്‍സ് ഡി. വൈ. എസ്. പി. ക്കാണ് അന്വേഷണത്തിന്റെ ചുമതല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷന്‍ ട്രസ്റ്റിനു പത്തേക്കര്‍ ഭൂമിയും, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘടനയ്ക്ക് ബാഡ്മിന്റൻ കോര്‍ട്ടുണ്ടാക്കുവാന്‍ മൂന്നേക്കറും മന്ത്രി മുനീറിന്റെ ബന്ധുവുള്‍പ്പെടുന്ന ഒളിമ്പിക് അസോസിയേഷന് മുപ്പതേക്കറും ഭൂമിയാണ് ദാനം ചെയ്യുവാന്‍ സെനറ്റ് തീരുമാനിച്ചത്. കോടികള്‍ വില വരുന്ന ഭൂമി മുസ്ലിം ലീഗിലെ പ്രമുഖരും അവരുടെ ബന്ധുക്കളും അടങ്ങുന്ന സംഘടനകള്‍ക്ക് ദാനം ചെയ്യുവാനുള്ള നീക്കം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതേ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സെനറ്റിന്റെ തീരുമാനം റദ്ദാക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ റജിസ്ട്രാര്‍ ടി. കെ. നാരായണനാണ് സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം, സാമ്പത്തികം