തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടന്നു വരുന്ന വൻ കൊള്ളയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ സംഘടന നടപടികൾ ആരംഭിച്ചു. ഹൃദ്രോഗ ചികിൽസയ്ക്കായി വൻ തുകകൾ ഈടാക്കുന്ന സ്വകാര്യ ആശൂപത്രികൾക്ക് എതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ ആരോഗ്യ വകുപ്പ് മേധാവികളോട് സംസ്ഥാന മനുഷ്യാവകാശ സംഘടനാ അദ്ധ്യക്ഷൻ ജെ. ബി. കോശി ഉത്തരവിട്ടു.
ഹൃദ്രോഗ ചികിൽസയ്ക്കായി ഉപയോഗിക്കുന്ന സ്റ്റെന്റ് വാങ്ങുവാൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തന്റെ അച്ഛനോട് അമിത തുക ഈടാക്കി എന്ന് കാണിച്ച് കെ. എം. ഗോപകുമാർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 80,000 രൂപ വില വരുന്ന സ്റ്റെന്റ് വാങ്ങുവാനായി 2.85 ലക്ഷം രൂപയാണ് തങ്ങളോട് ആശുപത്രി ആവശ്യപ്പെട്ടത്. ഡെൽഹിയിൽ പൊതു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഗോപകുമാർ അതേ ആശുപത്രിയിലെ തന്നെ പർച്ചേസ് വകുപ്പ് മുഖാന്തരം സ്റ്റെന്റ് വിൽക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കേവലം 80,000 രൂപ മാത്രമേ ഇതിന് വില വരൂ എന്ന് മനസ്സിലാക്കിയത്. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ട തുക 1.7 ലക്ഷമാക്കി ചുരുക്കി.
തന്റെ പക്കൽ നിന്നും 90,000 രൂപ അമിതമായി ഈടാക്കി എന്ന് കാണിച്ചാണ് ഗോപകുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി ബോധിപ്പിച്ചത്.
ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന അവസ്ഥയിൽ കണ്ണിൽ ചോരയില്ലാതെ സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതിനെതിരെ അന്വേഷണം നടത്തണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികൾ ഈടാക്കുന്ന ഫീസുമായി താരതമ്യം ചെയ്താൽ ഇതിന് വ്യക്തത ലഭിക്കും എന്നും ഉത്തരവിൽ പറയുന്നുണ്ട്.