കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.