തിരുവനന്തപുരം : ആഫ്രിക്കയിലെ എയ്ഡ്സ് മുതല്‍ ഗുജറാത്തിലെ പ്ലേഗ് വരെ അമേരിക്കന്‍ ചാര സംഘടനയുടെ സൃഷ്ടിയാണ് എന്ന വാദം നാം കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ രീതിയിലൊരു പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കേരളത്തില്‍ നടത്തിയത്. കേരളത്തിലെ പനി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.
അതെന്തായാലും, മാധ്യമങ്ങള്‍ സൃഷ്ടിച്ച പനി ഏറെ വിനാശകരവും കടുത്തതുമാണ് എന്ന് ജനങ്ങളുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ ഇനം പനികള്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും ആയിരക്കണക്കിനു ആളുകളാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. ഓരോ ആശുപത്രിയുടെ മുമ്പിലും ഡോക്ടര്‍മാരെ കാണുവാനായി പനി ബാധിതരുടെ നീണ്ട ക്യൂ കാണാം. ഒന്നുകില്‍ ആരോഗ്യ മന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു എന്നു വേണം കരുതുവാന്‍.
മഴക്കാലമായാല്‍ ഡെങ്കിയടക്കം വിവിധ ഇനം പനികള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുക സാധാരണമാണ്. ഇതിനു വേണ്ട മുന്‍ കരുതലും ചികിത്സാ സംവിധാനവും സര്‍ക്കാര്‍ എടുക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി യാതൊരു വീണ്ടു വിചാരവും ഇല്ലാതെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയതും, തുടര്‍ന്നുണ്ടായ വിഷയങ്ങളും, ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നിരവധി രോഗികളാണ് ഇതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ ദിവസം ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ഒരു രോഗി ദീര്‍ഘമായ ക്യൂവില്‍ ഡോക്ടറെ കാണുവാന്‍ കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയുണ്ടായി.
പനി കൂടാതെ വയറിളക്കവും ഛര്‍ദ്ദിയും മഞ്ഞപ്പിത്തവും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചു വിട്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. പലയിടങ്ങളില്‍ നിന്നും ഈ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പനി ബാധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അഞ്ചോളം ആളുകള്‍ മരിച്ചു. സംസ്ഥാനത്ത് വിവിധ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നു.



തിരുവനന്തപുരം : ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
കോഴിക്കോട് : കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.
























