- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, പ്രതിരോധം, വിവാദം
തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, പ്രതിരോധം, മനുഷ്യാവകാശം
മാനന്തവാടി: വയനാട്ടില്‍ ഭൂസമരം ശക്തമാകുന്നു. എന്നാല്‍ വിവിധ ആദിവാസി സംഘടനകള്‍ കൈയേറിയ ഭൂമി ഒഴിപ്പിക്കുന്ന നടപടി വനംവകുപ്പ് പുനരാരംഭിച്ചു. ഇവരുടെ കുടിലുകള്‍ പൊളിച്ചുനീക്കി, ആദിവാസികളെ അറസ്റ്റ് ചെയ്തു. തലപ്പുഴ കമ്പിപ്പാലത്തെ ആദിവാസി മഹാസഭയുടെയും ആദിവാസി സംഘത്തിന്റെയും കൈയേറ്റങ്ങളാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്. കഴിഞ്ഞ 21ന് വഞ്ഞോട് തുമ്പശ്ശേരികുന്നിലെ ഒഴിപ്പിക്കലിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഒഴിപ്പിക്കലാണ് തിങ്കളാഴ്ചയോടെ വീണ്ടും ആരംഭിച്ചത്. ഇതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം നിലനില്കുന്നു എങ്കിലും ആദിവാസികള്‍ വളരെ സമാധാനപരമായാണ് സമരം നടത്തുന്നത്. വനിതകള്‍ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. നോര്‍ത് വയനാട് ഡി.എഫ്.ഒ. കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ 150ഓളം വനപാലകരും മാനന്തവാടി ഡിവൈ.എസ്.പി മാത്യു എക്സലിന്റെ നേതൃത്വത്തില്‍ 50ഓളം പൊലീസുകാരും മാനന്തവാടി തഹസില്‍ദാര്‍ പി.പി. കൃഷ്ണന്‍കുട്ടിയും കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. ഒഴിപ്പിക്കല്‍ ഇന്നും തുടരും
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, പ്രതിരോധം, മനുഷ്യാവകാശം
തിരുവനന്തപുരം: ബി. ഒ. ടി. കൊള്ളയ്ക്കും ദേശീയ പാതകളുടെ സ്വകാര്യ വല്‍ക്കരണ ത്തിനുമെതിരെ സെക്രട്ടറി യേറ്റിലേയ്ക്ക് ഉജ്ജ്വല ജനകീയ മാര്‍ച്ച്. പാലിയേക്കരയിലെ നിയമ വിരുദ്ധമായ ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കുക, പൊതു റോഡുകള്‍ സ്വകാര്യ വല്‍ക്കരിക്കാതിരിക്കുക, സഞ്ചാര സ്വാതന്ത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ഏപ്രില്‍ 20ന് ആരംഭിച്ച ജാഥയാണ് ബഹുജന മാര്‍ച്ചായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിച്ചത്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തെ കുത്തകള്‍ക്ക് തീറെഴുതുന്ന തിനെതിരായ ശക്തമായ താക്കീതായി മാറി ബഹുജന മാര്‍ച്ച്.
പോസ്‌കോ സമര നേതാവ് അബയ് സാഹു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി കണ്‍വീനര്‍ പി. ജെ. മോന്‍സി, സുഗതകുമാരി, കാനായി കുഞ്ഞിരാമൻ , ദേശീയ പാത സംരക്ഷണ സമിതി കണ്‍വീനര്‍ സി. ആര്‍. നീലകണഠൻ , കുരീപ്പുഴ ശ്രീകുമാര്‍ , ഹാഷിം ചേന്ദാമ്പിളി, പ്രകാശ് മോനോന്‍ , ആര്‍. അജയന്‍ ,.ഹരിഹരന്‍ . ടി. എല്‍. സന്തോഷ്, ജി. എസ്. പത്മകുമാര്‍ (എസ്. യു. സി. ഐ.) സാജിദ് (സോളിഡാരിറ്റി), പി. എന്‍ . പോവിന്റെ (സി. പി. ഐ. എം. എല്‍.) പി. സി. ഉണ്ണിചെക്കന്‍ (സി. പി. ഐ. എം. എല്‍. റെഡ് ഫ്ലാഗ് ) എം. ഷാജര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിൽ ആദ്യമായി സ്വകാര്യ വല്‍ക്കരിക്കപ്പെട്ട മണ്ണുത്തി – ഇടപ്പള്ളി റോഡിലെ ടോൾ പിരിവിനെതിരെ കഴിഞ്ഞ രണ്ടു മാസമായി അനിശ്ചിത കാല സമരം നടക്കുകയാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് തവണ ടോള്‍ പിരിവ് നിര്‍ത്തി വെച്ചെങ്കിലും പോലീസ് സന്നാഹത്തോടെ പിരിവ് ആരംഭിക്കുകയായിരുന്നു. പല തവണ സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ടോള്‍ പിരിവിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നാല്‍പ്പതിലധികം വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ പിരിവിനെതിരായി പാലിയേക്കരയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നത്.
– ബൈജു ജോൺ
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, പ്രതിരോധം, മനുഷ്യാവകാശം
തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം വി. എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിനിടെ പാര്‍ട്ടിയുടെ തടയിടല്‍. തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന് എതിരായ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വി.എസിനെ വിലക്കണമെന്ന തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രനേതൃത്വത്തില്‍ നിന്നും ഈ തീരുമാനമെന്ന് അറിയുന്നു. കൂടംകുളം നിലയത്തിന് അനുകൂല നിലപാടാണ് സിപിഎം തമിഴ്‌നാട് ഘടകത്തിന്റേത്. ആണവ നിലയങ്ങളോട് സിപിഎമ്മിന് എതിര്‍പ്പാണെങ്കിലും കൂടംകുളം നിലയത്തോടുള്ള നിലപാട് ഇതുവരെ സിപിഎം വ്യക്‌തമാക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കൂടംകുളം വിരുദ്ധ സമരക്കാര്‍ തന്നെ സമരത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ താനിടപ്പെട്ട് സമരം വീണ്ടും കുത്തിപ്പൊക്കണോ എന്ന് കരുതിയാണ് കുടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറുന്നതെന്ന് വി.എസിന്റെ ഓഫീസ് അറിയിച്ചു. മുമ്പ് മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ച സിപിഎം കേന്ദ്രനേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ കൂടംകുളം സമരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിലപാടുമായി വിഎസ് മുന്നോട്ട് തന്നെയാണ് എന്നതിന് സൂചനയാണ് തിരുവനന്തപുരത്തെത്തിയ സ്വാമി അഗ്നിവേശുമായി വി.എസ് കൂടിക്കാഴ്‌ച. കൂടംകുളം സമരത്തില്‍ സമാന ആഭിമുഖ്യമുള്ളവരെ ക്ഷണിക്കുന്നതിനായിരുന്നു അഗ്നിവേശിന്റെ വരവ്. ലത്തീന്‍ രൂപതാ ആര്‍ച്ച് ബിഷപ് ഡോ.സൂസാപാക്യവുമായി അഗ്നിവേശ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. വി എസിന്റെ ഈ നീക്കം പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കും.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം