ലണ്ടൻ: ലോകം കണ്ട ഏറ്റവും കടുത്ത വർഗ്ഗ വെറിയുടെ നാളുകളിൽ നാസി അധിനിവേശത്തിന് തൊട്ടു മുൻപായി 669 കുട്ടികളെ കിഴക്കൻ യൂറോപ്പിൽ നിന്നും ഇംഗ്ളണ്ടിലേക്ക് രക്ഷപ്പെടുത്തിയ നിക്കോളാസ് വിന്റണ് താൻ രക്ഷപ്പെടുത്തിയ കുട്ടികളുടെ വക പിറന്നാൾ ആഘോഷം. മെയ് 19നായിരുന്നു ലണ്ടനിലെ ചെക്ക് എംബസിയിൽ “നിക്കിയുടെ കുട്ടികൾ” എന്നറിയപ്പെടുന്ന ഈ കുട്ടികളും അവരുടെ മക്കളും പേരമക്കളും തങ്ങൾക്ക് ജീവിതം തിരികെ നൽകിയ ആളുടെ ജന്മ ദിനം ആഘോഷിച്ചത്. 105 വയസായി നിക്കോളാസിന്.
ജെർമ്മൻ യഹൂദ ദമ്പതികളുടെ പുത്രനായ നിക്കോളാസ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഗുമസ്തനായിരുന്നു. 1938ൽ പ്രേഗിലെ ബ്രിട്ടീഷ് എംബസിയിലെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം പ്രേഗ് സന്ദർശിച്ചത്. അദ്ദേഹം പ്രേഗിൽ എത്തിയപ്പോൾ ബ്രിട്ടീഷ് എംബസിയിൽ നാസി അധിനിവേശത്തെ തുടർന്ന് പ്രേഗിൽ എത്തിയ അഭയാർത്ഥികൾക്ക് താമസ സൌകര്യങ്ങൾ ഏർപ്പെടുത്തുന്ന തിരക്കായിരുന്നു.
രോഗികളേയും വൃദ്ധരേയും അത്യാവശ്യ പരിചരണം ആവശ്യമുള്ളവരേയും മാത്രം കേന്ദ്രീകരിച്ച നടന്ന രക്ഷാ പ്രവർത്തനങ്ങളുൽ കുട്ടികളെ ആരും ശ്രദ്ധിക്കാതെ വരുന്നത് നിക്കോളാസ് മനസ്സിലാക്കി. അപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പദ്ധതി രൂപപ്പെട്ടത്. അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ബ്രിട്ടനിൽ സ്പോൺസർമാരെ കണ്ടെത്തി നിയമ നടപടികൾ പൂർത്തിയാക്കി ബ്രിട്ടനിലേക്ക് ഇവരെ എത്തിക്കാനുള്ള ഈ പദ്ധതി അദ്ദേഹം സ്വന്തം ഭാര്യയിൽ നിന്നു പോലും മറച്ചു വെച്ചാണ് നടപ്പിലാക്കിയത്. പിന്നീട് കിൻഡർഗാർട്ടൻ ട്രാൻസ്പോർട്ട് എന്ന പേരിൽ പ്രസിദ്ധമായ ഈ പദ്ധതി സ്വന്തം ഹോട്ടൽ മുറിയിലെ തീൻ മേശ ഓഫീസാക്കിയാണ് നിക്കോളാസ് തുടങ്ങിയത്.
ഒട്ടേറെ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും, കുട്ടികൾക്ക് സ്പോൺസർമാരെ കണ്ടെത്തുകയും അന്നത്തെ കാലത്ത് ഒരു വലിയ തുകയായ 50 പൌണ്ട് ഓരോ കുട്ടിയുടേയും പേരിൽ കെട്ടി വെക്കുകയും ഒക്കെ ചെയ്യുന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. ഏതു നിമിഷവും പ്രേഗിൽ നാസി പട എത്തിച്ചേരാം എന്ന അവസ്ഥയിൽ കുട്ടികളുടെ ജീവൻ എങ്കിലും രക്ഷിക്കുവാനായി നിക്കോളാസ് നടത്തുന്ന രക്ഷാ പ്രവർത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ മാതാ പിതാക്കൾ നിക്കോളാസിന്റെ ഹോട്ടൽ മുറിക്ക് വെളിയിൽ തടിച്ച് കൂടിയത് ഇന്നും പലരും ഓർക്കുന്നു.
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടു മുൻപായി രാപ്പകൽ ഇല്ലാതെ അവിരാമം ജോലി ചെയ്താണ് നിക്കോളാസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വന്നത്. പിന്നീട് ലണ്ടനിൽ തിരിച്ചെതിയതിന് ശേഷവും അദ്ദേഹം ഇത് തുടർന്നു. സ്പോൺസർഷിപ്പിനുള്ള പണം തികയാതെ വന്ന മാതാ പിതാക്കൾക്കായി പണം സ്വരൂപിക്കുന്ന ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു.
യുദ്ധം തുടങ്ങുന്നതിന്റെ മുൻപുള്ള 9 മാസം കൊണ്ട് അദ്ദേഹം 669 കുട്ടികളെയാണ് ഇത്തരത്തിൽ രക്ഷിച്ചത്. 250 കുട്ടികളേയും വഹിച്ച് നിക്കോളാസ് സംഘടിപ്പിച്ച അവസാനത്തെ തീവണ്ടിക്ക് പക്ഷെ പ്രേഗ് വിടാനായില്ല. 1939 സെപ്റ്റംബർ 3ന് ബ്രിട്ടൻ ഔദ്യോഗികമായി യുദ്ധത്തിൽ പങ്ക്‍ കൊണ്ടതോടെ ട്രെയിൻ യാത്ര തടസ്സപ്പെട്ടു. യുദ്ധ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ഈ തീവണ്ടിയിലെ മുഴുവൻ കുട്ടികളേയും കാണാതായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ 250 കുട്ടികളെ ദത്തെടുക്കാനായി തയ്യാറായി 250 കുടുംബങ്ങൾ ലണ്ടനിൽ കാത്തു നിന്നത് വെറുതെയായി.
പിന്നീട് നടന്ന ഭീകരമായ വംശ ഹത്യയിൽ നിക്കോളാസിന്റെ കുട്ടികളുടെ കുടുംബങ്ങളെ നാസി വംശ വെറിയന്മാർ നിർമ്മാർജ്ജനം ചെയ്തു. 15,000 ചെക്കോസ്ലോവാക്യൻ കുട്ടികൾ നാസികളുടെ ക്രൂരതയ്ക്ക് വിധേയമായി കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചെക്കോസ്ലോവാക്യ, ജീവകാരുണ്യം, ജർമ്മനി