ന്യൂയോർക്ക് : ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണമാവുകയും ചെയ്ത നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസാവുന്നു. 1972 ജൂൺ 8 നാണ് 9 വയസുള്ള കിം ഫുക്കിന്റെ ഗ്രാമത്തിൽ യുദ്ധ വിമാനങ്ങൾ നാപാം ബോംബുകൾ വർഷിച്ചത്. പതുക്കെ മാത്രം തീ പിടിക്കുന്ന കട്ടിയുള്ള ജെല്ലിയായ നാപാം ഗ്രാമത്തിലെ മരങ്ങൾ അടക്കം സർവ്വതും അഗ്നിക്കിരയാക്കി. ആളിക്കത്തുന്ന ഗ്രാമത്തിൽ നിന്നും അലറിക്കരഞ്ഞു കൊണ്ട് ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ ഹ്യുംഗ് കോങ്ങ് നിക്കിന്റെ അടുത്തേയ്ക്കായിരുന്നു. ദേഹമാസകലം തീ പൊള്ളി തന്റെ അടുത്തേയ്ക്ക് ഓടി വന്ന പെൺകുട്ടിയുടെ ചിത്രം തന്റെ പ്രസ് ക്യാമറ കൊണ്ട് അനശ്വരമാക്കിയ നിക്ക് ബോധ രഹിതയായി നിലം പതിച്ച പെൺകുട്ടിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി. പെൺകുട്ടിയെ ചികിൽസിക്കാൻ വിസമ്മതിച്ച ആശുപത്രി അധികൃതരെ സമ്മതിപ്പിക്കാൻ തന്റെ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡ് പ്രയോഗിക്കേണ്ടി വന്നു എന്ന് ഇപ്പോൾ 61 വയസുള്ള നിക്ക് ഓർക്കുന്നു. ഫോട്ടോയിലെ പെൺകുട്ടി നഗ്നയാണ് എന്നത് ഫോട്ടോ പ്രസിദ്ധീകരിക്കാൻ നയപരമായ തടസ്സമാകും എന്ന് ഭയന്നിരുന്നു. എന്നാൽ ഫോട്ടോയുടെ വാർത്താ പ്രാധാന്യം കണക്കിലെടുത്ത് അസോസിയേറ്റ് പ്രസ് അത് പ്രസിദ്ധീകരിക്കുകയും വിയറ്റ്നാം യുദ്ധം തന്നെ അവസാനിപ്പിക്കുവാൻ അമേരിക്കയെ പ്രേരിപ്പിക്കുമാറ് ലോക മനഃസ്സാക്ഷിയെ ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിഞ്ഞു.
യുദ്ധത്തിന്റെ ഇരകളെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ സദുദ്ദേശ സന്ദേശ വാഹകയായി സേവനമനുഷ്ഠിക്കുവാൻ ആവശ്യപ്പെട്ടതിൽ 49 കാരിയായ ഫുക്ക് സന്തോഷവതിയാണ്. തന്റെ ഫോട്ടോ ലോക സമാധാനത്തിനായി ഉപയോഗിക്കുവാനുള്ള അവസരമാണ് ഇത് തനിക്ക് നൽകിയിരിക്കുന്നത് എന്ന് കിം ഫുക്ക് അഭിമാനിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, മാദ്ധ്യമങ്ങള്‍, യുദ്ധം, വിയറ്റ്നാം