മോസ്കോ : സിറിയൻ വിമതർക്ക് എതിരെ പ്രസിഡണ്ട് ബഷർ അൽ അസദ് രാസ ആയുധങ്ങൾ പ്രയോഗിച്ചു എന്ന അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഒരു റഷ്യൻ പാർലമെന്റ് അംഗം പറഞ്ഞു. വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒബാമയുടെ പരാമർശം. ഇത്തരം ആരോപണങ്ങൾ സിറിയൻ പ്രശ്നത്തിൽ ഇടപെടാനുള്ള അമേരിക്കയുടെ മറയാണ്. സിറിയയിൽ രാസ ആയുധങ്ങൾ പ്രയോഗിക്കപ്പെട്ടു എന്നതിന് തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന വൈറ്റ് ഹൌസ് പ്രഖ്യാപനത്തെ തുടർന്നാണ് അദ്യമായി സിറിയൻ വിമതർക്ക് ആയുധം എത്തിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഉത്തരവിട്ടത്. വർഷങ്ങൾക്ക് മുൻപ് ഇറാഖ് അധിനിവേശത്തിനായി സദ്ദാം ഹുസൈന്റെ കയ്യിൽ “വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ” ഉണ്ടെന്ന് പ്രചരിപ്പിച്ച ബുഷിന്റെ അതേ തന്ത്രം തന്നെ പ്രയോഗിക്കുന്ന ഒബാമ ബുഷിന്റെ അതേ പാത തന്നെ പിന്തുടരുകയാണ് എന്നും റഷ്യയുടെ വിദേശ നയ രൂപീകരണ സമിതിയുടെ തലവൻ കൂടിയായ അലക്സി പുഷ്കോവ് പറഞ്ഞു.
- ജെ.എസ്.