ലോസ് ആഞ്ജലസ് : ലോകമെമ്പാടും അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിച്ച ഇസ്ലാം വിരുദ്ധ സിനിമയായ “ഇന്നസൻസ് ഓഫ് മുസ്ലിംസ്” നിർമ്മിച്ചു എന്ന് പറയപ്പെടുന്ന നകൂലാ ബാസ്സലെ നകൂലയെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു. 2010ൽ നകൂല നടത്തിയ ഒരു ബാങ്ക്‍ തട്ടിപ്പ് കേസിലെ പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പോലീസ് ഇയാളെ പിടികൂടിയത്. അമേരിക്കൻ നിയമപ്രകാരം ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്നതിന് പകരമുള്ള നടപടിയായ പ്രൊബേഷന് വിധേയനായിരുന്നു പ്രതി. പ്രതി പ്രൊബേഷൻ വ്യവസ്ഥകൾ തെറ്റിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ചുമതല വഹിക്കുന്ന പ്രൊബേഷൻ ഉദ്യോഗസ്ഥരെയും പ്രൊബേഷൻ ഉത്തരവിട്ട കോടതിയേയും പ്രതി വഞ്ചിച്ചതായി കോടതി നിരീക്ഷിച്ചു. അപര നാമങ്ങൾ ഉപയോഗിക്കരുത് എന്ന പ്രൊബേഷൻ വ്യവസ്ഥ നിരവധി ഘട്ടങ്ങളിൽ പ്രതി ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് അപേക്ഷയിലും, വിവാദ സിനിമയുടെ ചിത്രീകരണ വേളയിൽ നടത്തിയ പണമിടപാടുകളിലും, സിനിമയിലെ അഭിനേതാക്കളോട് പറഞ്ഞതും എല്ലാം വ്യത്യസ്ഥ പേരുകളായിരുന്നു. പ്രതി ചതിയനും വിശ്വസിക്കാൻ കൊള്ളാത്തവനുമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
- ജെ.എസ്.