ഗാസ : ഗാസയിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തു വിട്ട 500ൽ പരം മിസൈലുകൾക്കുള്ള പ്രതികാര നടപടികൾ ഇസ്രയേൽ ആരംഭിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികൾ അടക്കം പതിനൊന്ന് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ അധീനതയിലുള്ള ഗാസയിലേക്ക് തങ്ങൾ കരയുദ്ധം ആരംഭിക്കും എന്നതിന്റെ സൂചനകൾ ഇസ്രയേൽ നൽകുന്നുണ്ട്. തങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും ഗാസയിലേക്ക് സൈന്യം ആക്രമണം നടത്താതിരിക്കുന്നതാണ് നല്ലത് എന്നാണ് അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. ഗാസ പോലെ ജന സാന്ദ്രത ഏറെയുൾല പ്രദേശത്ത് കരയുദ്ധം നടത്തിയാൽ അത് വൻ തോതിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടാൻ ഇടയാക്കുകയും അന്താരാഷ്ട്ര തലത്തിൽ വൻ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും എന്നാണ് ഒബാമ ഇസ്രയേലിന് നൽകിയ ഉപദേശം.
കഴിഞ്ഞ 5 ദിവസമായി ഹമാസ് 500 ലേറെ മിസൈലുകൾ ഇസ്രയേൽ നഗരങ്ങളിലേക്ക് ഉതിർത്തതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ തങ്ങൾ പരമാവധി സംയമനം പാലിക്കുകയും സാധാരണക്കാരെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു വരികയാണ് എന്നും ഇസ്രയേൽ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, യുദ്ധം