യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാങ്കിമൂണ്‍ ഇക്കാര്യം വ്യക്തമാക്കി. ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. എപ്പോള്‍ വേണമെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ് മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍ താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്, പ്രതിഷേധം, മതം, സ്ത്രീ, സ്ത്രീ വിമോചനം
iam with malala’s efforts
happy