ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.
തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.
1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.
ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഫ്രിക്ക, ചരമം, ബഹുമതി, മനുഷ്യാവകാശം