മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.
1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.
ഹെലെൻ : ഒരു പഴയ ഫോട്ടോ
സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.
യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്, സ്ത്രീ, സ്ത്രീ വിമോചനം