ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍.
ക്യൂബന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലാണ് ക്യൂബക്കെതിരെയുള്ള ഉപരോധത്തിന് പ്രേരകമായത് എന്നത് പ്രമേയം അനുകൂലിക്കുന്നവര്‍ ഓര്‍ക്കണം എന്ന് അമേരിക്കന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു.
ക്യൂബന്‍ ജനതയുടെ ആത്മവീര്യം നശിപ്പിക്കാന്‍ സാമ്പത്തിക ഉപരോധത്തിനു കഴിയില്ല എന്നായിരുന്നു ക്യൂബന്‍ വിദേശ കാര്യ മന്ത്രിയുടെ മറുപടി. ഒബാമ വന്നതിനു ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ബുഷിന്റെ കാലത്തെ നയങ്ങളില്‍ പലതും ഇപ്പോഴും തുടരുകയാണ്. വൈദ്യ ചികിത്സാ ഉപകരണങ്ങള്‍ ക്യൂബയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. ക്യൂബയുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ അടക്കേണ്ടതായും വരുന്നു. ഭക്ഷണവും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചെങ്കിലും വ്യാപാര ഉപരോധം കഴിഞ്ഞ മാസം ഒബാമ ഒരു വര്‍ഷത്തേക്ക് വീണ്ടും നീട്ടുകയായിരുന്നു.