ശ്രീലങ്കയില്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ ഭരണ കക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിക്ക് വിജയം. മത്സരിച്ച 225 സീറ്റുകളില്‍ 117 സീറ്റുകളും രാജപക്സെയുടെ പാര്‍ട്ടി നേടി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി എന്നിരിക്കെ, തൂക്കു മന്ത്രി സഭ വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് ഭരണ കക്ഷിയായ യു. പി. എഫ്. എ. ഉജ്ജ്വല വിജയം നേടിയത്.
പ്രധാന പ്രതിപക്ഷമായ നാഷണല്‍ യുനൈറ്റഡ് പാര്‍ട്ടിക്ക് 46 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എതനിക് തമിള്‍ പാര്‍ട്ടി 12 സീറ്റ് നേടി. യു. പി. എഫ്. എ. യുടെ ടിക്കറ്റില്‍ തെക്കന്‍ മണ്ഡലമായ തൊറയില്‍ നിന്ന് മത്സരിച്ച ക്രിക്കറ്റ് താരം ജയസൂര്യ 74352 വോട്ടിന്റെ ഭൂരിപക്ഷ ത്തിനു വിജയി ച്ചപ്പോള്‍, പ്രതിപക്ഷ ത്തുള്ള ഫോണ്സേകെ യുടെ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന രണതുംഗെ പരാജയപ്പെട്ടു. “എല്‍. ടി. ടി. ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തി വര്‍ഷങ്ങളായി നില നിന്നിരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും ശ്രീലങ്കയെ മോചിപ്പിച്ചു സമാധാ നാന്തരീക്ഷം കൊണ്ടു വന്നു എന്നവകാശ പ്പെട്ടു കൊണ്ടാണ് തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിച്ചത്, അത് ജനങ്ങള്‍ അംഗീകരിച്ചു” എന്ന് യു. പി. എഫ്. എ. പറയുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.



റഷ്യയിലെ സ്മോളന്‍സ്കി വിമാന ത്താവള ത്തിനടുത്ത് വിമാനം തകര്‍ന്നു വീണ് വിമാനത്തി ലുണ്ടായിരുന്ന പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി അടക്കം 132 പേരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോളിഷ് പ്രസിഡന്റിന്റെ ഭാര്യ മരിയ കാചിന്‍സ്കി, പോളിഷ് ഉന്നത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പല പ്രമുഖരും ഉള്പെട്ടിട്ടുണ്ട്. കാത്തിയന്‍ കൂട്ടക്കൊലയുടെ എഴുപതാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തായിരുന്നു പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
ബ്രസീല്‍ : കനത്ത മഴയെ തുടര്‍ന്ന് ബ്രസീലിലെ റിയോ ഡി ജനെയ്‌റോ യില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണു സൂചന. കനത്ത മഴ തുടരുന്നതോടെ മരണ സംഖ്യ ഇനിയും കൂടും എന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയ ഒരു ചേരിയിലാണ് ഏറ്റവും അധികം മരണം നടന്നത്. ഇവിടെ മാത്രം ഇരുന്നൂറോളം പേര്‍ മരിച്ചിട്ടുണ്ടാവും എന്നാണ് നിഗമനം. 161 പേര്‍ക്ക് പരിക്കുകള്‍ ഉണ്ട് എന്ന് സംസ്ഥാന അഗ്നിശമന സേന അറിയിച്ചു.
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 – 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ് മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.
സൌദിയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെയും സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറില്‍ ഒപ്പ് വെച്ചു. ഞായാറാഴ്ച രാത്രി ഒപ്പ് വെച്ച അഞ്ച് കരാറുകളില്‍ ഒന്നായ ഈ കരാര്‍ പ്രകാരം ഇനി ഇരു രാജ്യങ്ങളും തമ്മില്‍ നിയമപരമായി കുറ്റവാളികളെ കൈമാറ്റം ചെയ്യാനാവും. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്താന്‍ ഈ കരാര്‍ ഏറെ ഉപകരിക്കും.
























